മുഹമ്മദലി ജിന്ന മഹാന്‍: ബിജെപി എം പി

ബെഹ്‌റയ്ച്ച്: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്ന മഹാപുരുഷനാണെന്നു ബിജെപി എംപി സാവിത്രി ഭായ് ഫുലെ. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ഛായാപടത്തെച്ചൊല്ലി സംഘപരിവാരം ബഹളമുണ്ടാക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കി എംപിയുടെ പ്രസ്താവന.
ജാതിമത ഭേദമന്യേ എല്ലാ മഹാപുരുഷന്മാരും സ്വാതന്ത്ര്യസമരത്തിനു സംഭാവന നല്‍കിയിട്ടുണ്ട്. അവരെ ബഹുമാനിക്കേണ്ടതുണ്ട്- ഫുലെ പറഞ്ഞു. അലിഗഡിലെ ജിന്നാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജിന്ന മഹാപുരുഷനാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മറുപടി. ജിന്ന മഹാനായിരുന്നുവെന്നും അദ്ദേഹം എക്കാലവും അങ്ങനെ തന്നെ തുടരുമെന്നുമാണ് അവര്‍ പറഞ്ഞത്.
ഇത്തരം മഹാപുരുഷന്മാര്‍ ബഹുമാനിക്കപ്പെടണം. സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതല്‍ ജിന്ന ബഹുമാനിക്കപ്പെടുന്നുണ്ട്. സാധാരണക്കാര്‍ നേരിടുന്ന ദാരിദ്ര്യം, പട്ടിണി തുടങ്ങിയ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ജിന്നാ വിവാദം ഉയര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ചുവരുകളില്‍ ജിന്നയുടെ ഛായാപടങ്ങള്‍ തൂങ്ങുന്നത് തുടരുന്നതിന് വിശദീകരണം ആവശ്യപ്പെട്ട് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയത് വിവാദമായിരുന്നു. ജിന്ന മഹാനായ നേതാവാണെന്നും ഗൗതമിനെ ബിജെപി പുറത്താക്കണമെന്നും യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ഏതാനും ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.
സുഹല്‍ദേവ് ഭാരതീയ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഓംപ്രകാശ് രാജ്ദറുടേതു പോലെ താനും പിന്നാക്ക വിഭാഗക്കാര്‍ അവഗണിക്കപ്പെടുകയാണെന്ന ്കരുതുന്നതായി ഫുലെ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top