മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിജെപി നേതാക്കളില്‍ നിന്നും പീഡനം;വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ബംഗളൂരു: മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ബി കോം വിദ്യാര്‍ഥിനിയായ ധന്യശ്രീ(20)ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് നാല്‌പേര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.സുഹൃത്തായ സന്തോഷുമായുള്ള വാട്‌സ്ആപ്പ് ചാറ്റിങിനിടെയാണ് ധന്യശ്രീ മുസ് ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് സന്ദേശം അയച്ചത്. ഇത് കണ്ട സന്തോഷ് വിദ്യാര്‍ഥിനിയെ ശകാരിക്കുകയും മുസ് ലിങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇതുകൂടാതെ, ഇയാള്‍ വിദ്യാര്‍ഥിനി  അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ബജ്‌രംഗ്ദള്‍,വിഎച്ച്പി നേതൃത്വത്തിനു അയച്ചുനല്‍കുകയും ചെയ്തു.
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിക്കും മാതാവിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടില്‍ വരികയും മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി പറഞ്ഞു.

RELATED STORIES

Share it
Top