മുസ് ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവതി;തനിക്ക് വേണ്ടിയല്ല കൊലപാതകം നടന്നത്

ജയ്പൂര്‍:രാജസ്ഥാനില്‍ മുസ് ലിം യുവാവിനെ വെട്ടി ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. സഹോദരി തുല്യയായ ഹിന്ദു യുവതിയെ രക്ഷിക്കാനാണ് താന്‍ കൊലപാതകം നടത്തിയതെന്ന പ്രതി ശംഭുലിന്റെ വാദം യുവതി തള്ളി. തന്റെ പേരില്‍ നടന്ന കൊലപാതകമല്ല ഇതെന്ന് യുവതി പറഞ്ഞു.കൊല്ലപ്പെട്ട അഫ്‌റാസുല്‍ ഖാനുമായി  തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലവ് ജിഹാദിന്റെ പേരില്‍ നടന്ന കൊലപാതകമാണിതെന്ന വാദം തെറ്റാണെന്നും യുവതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താന്‍ ഒരു മുസ് ലിം യുവാവിനെ വിവാഹം ചെയ്തിരുന്നു. ആ ബന്ധം താന്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ അത് അഫ്‌റാസുല്‍ ഖാന്‍ അല്ല. മാല്‍ഡ സെയ്ദ്പൂര്‍ സ്വദേശി മുഹമ്മദ് ബബ് ലു ശൈഖ് എന്ന യുവാവിനെയാണ് താന്‍ വിവാഹം ചെയ്തത്. 2010ല്‍ വിവാഹിതരായ തങ്ങള്‍ ഇരുവരും രണ്ടുവര്‍ഷത്തിലേറെ പശ്ചിമ ബംഗാളിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് 2013ല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് മടങ്ങി. ശംഭുലാലാണ് തന്നെ തിരികെ കൊണ്ടുവന്നത് എന്നത് ശരിയല്ലെന്നും യുവതി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 20കാരിയായ യുവതി ഇപ്പോള്‍ മാതാവിനും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്.ശംഭുലാലിനെ തനിക്ക് അറിയാമെന്നും എന്നാല്‍ താന്‍ വിവാഹം കഴിച്ചത് അഫ്‌റാസുല്‍ ഖാനെയല്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചിട്ടില്ലെന്ന് അഫ്‌റാസുല്‍ ഖാന്റെ ഭാര്യ ഗുല്‍ ബഹര്‍ ബീവി പറഞ്ഞു. അങ്ങനെയൊരു വിവാഹം നടന്നിരുന്നെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top