മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം: ഹരജി തള്ളി

കൊച്ചി: മുസ്‌ലിം സ്ത്രീകള്‍ക്ക് മസ്ജിദില്‍ കയറാനോ പ്രാ ര്‍ഥിക്കാനോ അനുമതിയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇങ്ങനെയൊരു കേസ് നടത്താനുള്ള അവകാശം ഹരജിക്കാരനായ അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ്നാഥിന് ഇല്ലെന്നും മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇത്തരമൊരു വിഷയത്തില്‍ ഹരജി നല്‍കാന്‍ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്നു കേസ് പരിഗണനയ്ക്ക് എടുത്തയുടനെ കോടതി ചോദിച്ചു. താന്‍ ഹിന്ദു മഹാസഭാ പ്രസിഡന്റാണെന്നും എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഇടപെടാന്‍ കഴിയുമെന്നും മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുകയാണെന്നും ഹരജിക്കാരന്‍ മറുപടി നല്‍കി. മുസ്‌ലിം സ്ത്രീക ള്‍ മക്കയില്‍ പോവുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് ഏതെങ്കിലും മുസ്‌ലിം സ്ത്രീകള്‍ ഹരജിയുമായി എത്തിയിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. നിരവധി മുസ്‌ലിം സ്ത്രീകള്‍ തന്നോട് ഇക്കാര്യം ഉന്നയിച്ചതായി ഹരജിക്കാരന്‍ പറഞ്ഞു.
മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടയുന്ന ആചാരങ്ങള്‍ ഉണ്ടെന്നതിന് എന്തു തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. കേട്ടറിവുകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കുന്നത് ശരിയല്ല. തങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചെന്ന് സ്ത്രീകള്‍ പറയണം. മുസ്‌ലിം സ്ത്രീകളുമായി ബന്ധമില്ലാത്തയാള്‍ എങ്ങനെ ഈ വിഷയത്തില്‍ ഹരജി നല്‍കുമെന്നും കോടതി ചോദിച്ചു. ഹിന്ദുമതത്തിന്റെ പ്രതിനിധിയായ തനിക്ക് അതിനു സാധിക്കുമെന്ന് ഹരജിക്കാരന്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ എന്തു ചെയ്യുമെന്നു കോടതി ചോദിച്ചു. നിങ്ങള്‍ എന്തായാലും പള്ളിയില്‍ പ്രവേശിക്കാന്‍ പോവുന്നില്ല. പള്ളി പ്രവേശനം നിഷേധിക്കപ്പെട്ടെന്ന് ആ സ്ത്രീകള്‍ക്കല്ലേ തോന്നേണ്ടത്? നിങ്ങള്‍ക്ക് എങ്ങനെ പറയാനാവും? അവര്‍ക്ക് പള്ളിയില്‍ പോവാന്‍ ഇഷ്ടമില്ലെങ്കില്‍ എന്തു ചെയ്യും? എന്തിനാണ് ഇത്തരത്തിലൊരു ഹരജി ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ മതങ്ങളും അവരവരുടെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നാണ് തന്റെ നിലപാടെന്ന് ഹരജിക്കാരന്‍ പറഞ്ഞു. ശബരിമലയും ഈ വിഷയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കോടതി മറുപടി നല്‍കി. മുസ്‌ലിം സ്ത്രീകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ പരിശോധിക്കാം. ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഒരു ഹരജിയുണ്ടെന്നാണ് മനസ്സിലാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പര്‍ദ ധരിക്കാന്‍ മുസ്‌ലിം സ്ത്രീകളെ നിര്‍ബന്ധിക്കുകയാണെന്നും ക്രിമിനലുകള്‍ പര്‍ദയെ ദുരുപയോഗം ചെയ്യുകയാണെന്നും ഹരജിക്കാരന്‍ തുടര്‍ന്നു വാദിച്ചു. കേസ് പരിഗണിക്കാന്‍ താല്‍പര്യമില്ലെന്നും ഹരജി പിന്‍വലിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. കോടതി ഇഷ്ടമുള്ളത് ചെയ്യൂ എന്നായിരുന്നു ഹരജിക്കാരന്റെ നിലപാട്. തുടര്‍ന്നാണ് ഹരജി തള്ളി ഉത്തരവായത്.

RELATED STORIES

Share it
Top