മുസ്‌ലിം സൂപ്പര്‍ ഹീറോയുമായി മാര്‍വെല്‍ സിനിമാറ്റിക് യൂനിവേഴ്‌സ്

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍, ദുഷ്ടകഥാപാത്രങ്ങള്‍, റോബോട്ടുകള്‍ തുടങ്ങി സൂപ്പര്‍ ഹീറോ കോമിക് സിനിമാ പരമ്പരകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മാര്‍വല്‍ സിനിമാറ്റിക് യൂനിവേഴ്‌സ് എന്ന സിനിമാ കമ്പനി ഉടനെ ഒരു മുസ്‌ലിം സൂപ്പര്‍ഹീറോയെ പരിചയപ്പെടുത്തുമെന്ന് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫിഗെ.
ക്യാപ്റ്റന്‍ മാര്‍വല്‍ എന്ന അമേരിക്കന്‍ കോമിക് പരമ്പരയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മിസ് മാര്‍വലിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ പുറത്തിറക്കാനാണ് മാര്‍വല്‍ സ്റ്റുഡിയോ ശ്രമിക്കുന്നത്. ന്യൂജേഴ്‌സിയില്‍ നിന്നുള്ള പാകിസ്താനി വംശജയായ 16കാരി കമല ഖാന്‍ എന്ന മുസ്‌ലിം പെണ്‍കുട്ടി മിസ് മാര്‍വലെന്ന സൂപ്പര്‍ ഹീറോയായി മാറുന്നതാണ് കോമിക്കിന്റെ ഇതിവൃത്തം. സന അമാനത്ത്, ജി വിലോ വില്‍സന്‍ തുടങ്ങിയ എഴുത്തുകാരികളാണ് അമേരിക്കയിലേക്ക് കുടിയേറിയ പാക് ദമ്പതികളുടെ പുത്രിയായ കമല ഖാന്റെ സ്രഷ്ടാക്കള്‍.
ഒരിക്കല്‍ ക്യാപ്റ്റന്‍ മാര്‍വലിനെ ലോകത്തിനു പരിചയപ്പെടുത്തിയതുപോലെ ഈ മുസ്‌ലിം സൂപ്പര്‍ ഹീറോയെയും ലോകത്തിനു പരിചയപ്പെടുത്താന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് കെവിന്‍ ഫിഗെ പറഞ്ഞു. കൈകാലുകള്‍ എത്ര വേണമെങ്കിലും വലുതാക്കാനും നീട്ടാനും കഴിയുമെന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത. നേരത്തേ കരോള്‍ ഡാന്‍വേഴ്‌സ് എന്ന പേരിലുള്ള മറ്റൊരു മിസ് മാര്‍വല്‍ കഥാപാത്രവും ക്യാപ്റ്റന്‍ മാര്‍വല്‍ കോമിക്കുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

RELATED STORIES

Share it
Top