മുസ്‌ലിം രാഷ്ട്രീയം വീണ്ടുംഭിന്നിപ്പിന്റെ കാലുഷ്യങ്ങളിലേക്ക്

പി  സി  അബ്ദുല്ല

കോഴിക്കോട്: സമീപ കാലത്തൊന്നും പ്രകടമാവാത്തത്ര ഭിന്നിപ്പിലേക്ക് കൂപ്പു കുത്തി സംസ്ഥാനത്തെ മുസ്‌ലിം രാഷ്ട്രീയം. സംഘടനകള്‍ക്കിടയിലെ അനൈക്യം മുതലെടുക്കാന്‍ അവസരവാദ തന്ത്രങ്ങളുമായി പതിവുപോലെ സിപിഎം രംഗത്തിറങ്ങി. സമസ്തയില്‍ പിളര്‍പ്പു സംഭവിച്ച കാലത്തേതിനു സമാനമായ ശത്രുതയാണ് മുസ്‌ലിംലീഗിനും എപി സുന്നി വിഭാഗത്തിനുമിടയില്‍ ഇപ്പോള്‍  വിണ്ടും രൂപപ്പെട്ടിട്ടുള്ളത്. മുജാഹിദ് സമ്മേളനത്തില്‍ റഷീദലിയും മുനവ്വറലിയും പങ്കെടുത്തതിനെതിരേ ഇകെ സമസ്തയുടെ നിലപാട് സമുദായ രാഷ്ട്രീയത്തില്‍ ദൂരവ്യാപക  ശൈഥില്യങ്ങള്‍ക്ക് വഴി മരുന്നായിട്ടുണ്ട്. മര്‍കസ് സമ്മേളനത്തില്‍ നിന്നും ഉന്നത  കോണ്‍ഗ്രസ് നേതാക്കളെ കൂടി പിന്തിരിപ്പിച്ചതോടെ, കാന്തപുരവുമായി  തല്‍ക്കാലം ഒരൊത്തു തീര്‍പ്പിനുമില്ലെന്ന സന്ദേശമാണ് ലീഗ് പുറത്തുവിട്ടത്. 89ല്‍ ലീഗ് വിലക്ക് അവഗണിച്ച് എറണാകുളത്ത് സുന്നി യുവജനസംഘം സമ്മേളനം നടന്നതാണ് സമസ്തയിലെ പിളര്‍പ്പില്‍ കലാശിച്ചത്.  ഈ വടംവലിയില്‍ സിപിഎം കക്ഷി ചേര്‍ന്നതോടെ പള്ളിയങ്കണങ്ങളും മഹല്ലുകള്‍ പലതും കുരുതിക്കളമായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമൊക്കെ മുസ്‌ലിം അനൈക്യം സിപിഎം രാഷ്ട്രീയ നേട്ടമാക്കി മാറ്റി. രാഷ്ട്രീയ തിരിച്ചടികളെ തുടര്‍ന്ന്, ഇ കെ സമസ്തയുടെ എതിര്‍പ്പ് അവഗണിച്ചും എപി സുന്നി വിഭാഗത്തോട് മൃദു സമീപനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ലീഗ് അനുവര്‍ത്തിച്ചത്. കഴിഞ്ഞ മര്‍കസ് സമ്മേളനങ്ങളിലും നോളജ് സിറ്റി തറക്കല്ലിടലിലുമൊക്കെ ഇകെ സുന്നിയുടെ എതിര്‍പ്പ് തള്ളിയാണ് ലീഗ് മന്ത്രിമാരും നേതാക്കളും പങ്കെടുത്തത്. എന്നാല്‍, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മണ്ണാര്‍ക്കാട്, മഞ്ചേശ്വരം, കൊടുവള്ളി, തിരുവമ്പാടി, താനൂര്‍ തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളിലുള്‍പ്പെടെ എപി സുന്നികളുടെ വിരുദ്ധ നിലപാട് ലീഗിന് സഹിക്കാവുന്നതിലും അപ്പുറമായി. കെ എം ഷാജി മല്‍സരിച്ച അഴിക്കോട് അടക്കം ചില മണ്ഡലങ്ങളില്‍ ബിജെപി വോട്ടിനൊപ്പം എപി സുന്നി വോട്ടും യുഡിഎഫിന് ലഭിച്ചെങ്കിലും അതൊന്നും ലീഗിന്റെ രോഷം തണുപ്പിച്ചില്ല. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദടക്കമുള്ള നേതാക്കള്‍ പിന്നീട് കാന്തപുരത്തിനെതിരേ പരസ്യമായി രംഗത്ത് വന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പോലും മര്‍കസില്‍ നിന്ന് അകറ്റുന്നതു വരെയെത്തി ലീഗിന്റെ പ്രതികാരം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങി കാന്തപുരവുമായി  പതിറ്റാണ്ടുകളായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ മര്‍കസ് സമ്മേളനത്തില്‍ നിന്ന് വിലക്കിയ ലീഗ് നടപടി എപി വിഭാഗത്തിന് കനത്ത ആഘാതമായി. അതിനാല്‍  മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇനി ലീഗിനെതിരേ പരസ്യമായ എതിര്‍പ്പുമായി നീങ്ങാനാണ് എപി സുന്നി നേതൃത്വത്തിന്റെ തീരുമാനം. കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി  കോടിയേരിയും സിപിഎമ്മും രംഗത്തു വന്നത് ലീഗ് - കാന്തപുരം ഏറ്റുമുട്ടല്‍ മഹല്ലു തലങ്ങളിലേക്ക് പടരുമെന്ന ആശങ്കയുടെ സൂചനയുമാണ്. മര്‍കസിലെ 'തിരുകേശത്തെ' ബോഡി വേസ്റ്റ് എന്നു പറഞ്ഞ് പിണറായി ആക്ഷേപിച്ചതടക്കമുള്ള കാര്യങ്ങള്‍ മറന്ന് ലീഗിനെതിരേ സിപിഎമ്മിനെ ആശ്രയിക്കാന്‍ തന്നെയാണ് എപി സുന്നി നിലപാട്. സലഫി  ബന്ധമാരോപിച്ച് ഇ ടി മുഹമ്മദ് ബഷീറിനെതിരേ രംഗത്തെത്തിയ  കേന്ദ്രങ്ങള്‍ തന്നെയാണ് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങന്‍മാര്‍ക്കെതിരേയും രംഗത്ത് വന്നത്.

RELATED STORIES

Share it
Top