മുസ്‌ലിം യുവാവിനൊപ്പം നടന്ന യുവതിക്കു നേരെ ആക്രമണം

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ മുസ്‌ലിം യുവാവിനൊപ്പം നടന്നതിന്റെ പേരില്‍ ഹിന്ദു യുവതിയെ പോലിസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണം നേരിട്ടതിന് തൊട്ടുപിറകെയാണ് ഇവര്‍ക്ക് പോലിസ് മര്‍ദനം നേരിടേണ്ടിവന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥികളായ ഇരുവര്‍ക്കും നേരെ വിഎച്ച്പി പ്രവര്‍ത്തകരായ ഗുണ്ടകള്‍ ആക്രമണം നടത്തുകയായിരുന്നു. ലൗജിഹാദ്് ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് യുവതിയെയും യുവാവിനെയും ഗുണ്ടകളെയും വ്യത്യസ്ത ജീപ്പുകളിലായി പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. ജീപ്പിനുള്ളില്‍ കയറ്റിയശേഷം യുവതിയെ പോലിസുകാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
നാലു പോലിസുകാരുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
നീ എന്തുകൊണ്ട് ഹിന്ദുക്കളെ തിരഞ്ഞെടുക്കാതെ ഒരു മുസ്‌ലിമിനെ തിരഞ്ഞെടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നതും തുടര്‍ന്ന് ഒരു പോലിസ് ഉദ്യോഗസ്ഥ യുവതിയുടെ തലയ്ക്കടിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മര്‍ദനം നടത്തിയ പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും ഉന്നതോദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പോലിസ് സ്‌റ്റേഷനിലെത്തിയ ശേഷവും യുവതിക്കും സുഹൃത്തിനും നേര്‍ക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണം നേരിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വിഎച്ച്പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top