മുസ്‌ലിം-ബുദ്ധ സംഘര്‍ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

കൊളംബോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാര്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡി ജില്ലയില്‍ ആരംഭിച്ച മുസ്‌ലിം-ബുദ്ധമത സംഘര്‍ഷം ഒരു മുസ്‌ലിം യുവാവിന്റെ മരണത്തിന് ഇടയാക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
പ്രത്യേക മന്ത്രിസഭ കൂടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് ദയാസിരി ജയശേഖര അറിയിച്ചു. ആക്രമണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. അടുത്ത കാലത്തായി രാജ്യത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുകയാണ്. മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ബുദ്ധമത സ്മാരകങ്ങള്‍ നശിപ്പിക്കുന്നുവെന്നും ചില തീവ്ര ബുദ്ധമത വിഭാഗക്കാര്‍ ആരോപിക്കുന്നു. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ സാന്നിധ്യവും ഇവര്‍ എതിര്‍ക്കുന്നു.
കാന്‍ഡി ജില്ലയില്‍ കഴിഞ്ഞദിവസം സിംഹള ബുദ്ധമതക്കാരനെ മുസ്‌ലിംകള്‍ വധിച്ചുവെന്ന് ആരോപിച്ചാണ് വ്യാപക അക്രമം അഴിച്ചുവിട്ടത്.  ബുദ്ധസന്ന്യാസിമാരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും അഗ്നിക്കിരയാക്കി. കത്തിയമര്‍ന്ന വീട്ടില്‍നിന്നാണ് 24കാരനായ അബ്ദുല്‍ ബാസിത്തിന്റെ മൃതദേഹം കണ്ടെടുത്തത്. രാജ്യത്ത് 75 ശതമാനത്തോളം സിംഹള ബുദ്ധമത വിഭാഗക്കാരാണ്. 10 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍.
ഇപ്പോള്‍ പ്രതിപക്ഷത്തുള്ള തീവ്ര സിംഹള ദേശീയവാദിയായ മഹീന്ദ രാജപക്‌സെ അധികാരത്തില്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെന്ന് ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ ശ്രീലങ്കന്‍ വിദഗ്ധനായ അലന്‍ കീനാന്‍ അഭിപ്രായപ്പെട്ടു. സിംഹളവികാരം ഇളക്കിവിട്ട് വോട്ട് തട്ടുന്നതിനു വേണ്ടി തമിഴര്‍ക്കുശേഷം ഇപ്പോള്‍ മുസ്‌ലിംകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

RELATED STORIES

Share it
Top