മുസ്‌ലിം, ഒഴിഞ്ഞുകൊടുക്കുകജുനൈദും മൂന്നു സഹോദരന്മാരും ഡല്‍ഹിയില്‍നിന്നുള്ള ട്രെയിനില്‍ ഇരിക്കുമ്പോള്‍ സംഘപരിവാര അക്രമികള്‍ കയറിവന്ന് ആക്രോശിക്കുന്നു: 'താടിയും തൊപ്പിയുമുള്ളവര്‍ സീറ്റിലിരിക്കുകയോ?' തങ്ങളിരിക്കുന്ന സ്വന്തം സീറ്റിനു വേണ്ടിയുള്ള വാഗ്വാദം മൂലം ആളുകള്‍ പ്രശ്‌നത്തിലിടപെടും എന്നായപ്പോള്‍ അടവ് മാറ്റുന്നു: 'ഇവരുടെ കൈയില്‍ ബീഫുണ്ട്.' അതു കേട്ടപ്പോള്‍ തീവണ്ടിയിലെ ജനക്കൂട്ടം അടങ്ങി. ഓ, ബീഫ് തീറ്റക്കാരെങ്കില്‍ ഇവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെ. അങ്ങനെയൊരു മനശ്ശാസ്ത്രം രൂപപ്പെടുത്തിക്കഴിഞ്ഞു രാജ്യത്ത്. ബീഫ് കഴിക്കുന്ന ബഹുഭൂരിപക്ഷമുള്ള രാജ്യത്ത് ഭൂരിപക്ഷവും ബീഫ് വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ത്തതോടെ തൊപ്പിയോ തലപ്പാവോ താടിയോ പൈജാമയോ കണ്ടാല്‍, ബീഫ് തീറ്റക്കാരെന്നു കേള്‍ക്കുന്നതോടെ ആരെയും തല്ലിക്കൊല്ലാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെയോ പോലിസിന്റെയോ മാത്രമല്ല, കണ്ടുനില്‍ക്കുന്ന ജനത്തിന്റെയും പിന്തുണയോടെ ഇന്ത്യയില്‍ ഇതുവരെ ജുനൈദ് അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. ആരും അറസ്റ്റ് ചെയ്യപ്പെടുന്നില്ല; കേസെടുക്കാന്‍ കാലതാമസവും. ഇത് ഗുണ്ടാ മനസ്ഥിതി ആര്‍ജിച്ചുകഴിഞ്ഞ സംഘി സംഘങ്ങള്‍ക്ക് ഗോരക്ഷക വേഷം കെട്ടി രാവും പകലും മുസ്‌ലിംകളെ വേട്ടയാടാന്‍ ഇറങ്ങിത്തിരിക്കുന്നതിന് സൗകര്യവും സ്വാതന്ത്ര്യവും ലഭ്യമാക്കിയിരിക്കുന്നു. ഫാഷിസം വരുന്ന ഇത്തരം വളഞ്ഞ വഴികള്‍ കണ്ട് ശുദ്ധാത്മാക്കളായ മുസ്‌ലിം ന്യൂനപക്ഷ വക്താക്കള്‍ ഞെട്ടുകയാണ്. മതേതര പാര്‍ട്ടികള്‍ തങ്ങളെ രക്ഷിക്കുമെന്ന മൂഢവിശ്വാസത്തിലാണവര്‍. സംഘപരിവാരത്തിനെതിരേ യോജിച്ച് ഒരു രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താന്‍ സന്മനസ്സ് കാണിക്കാത്ത മതേതര രാഷ്ട്രീയകാപട്യത്തെ അവലംബിച്ച് കാത്തിരിക്കുകയാണ് ഇനിയുമവര്‍. അഖ്‌ലാഖുമാരും ജുനൈദുമാരും ഒരുഭാഗത്ത് കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. വ്യാപകമായ വര്‍ഗീയകലാപങ്ങളും വംശനിഗ്രഹങ്ങളും തല്‍ക്കാലം നിര്‍ത്തിവച്ച് ഒറ്റപ്പെട്ടവരെ അടിച്ചുകൊല്ലുന്നതാണ് ഫാഷിസത്തിന്റെ പുതിയ രീതി. വാര്‍ത്തയല്ലാതാവുന്ന ലിഞ്ചിങിന് മുമ്പില്‍ കരളു കത്തി ഒരു സമുദായം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ അപമാനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധം എങ്ങനെ വേണമെന്ന് തര്‍ക്കിച്ചു സമയം തീര്‍ക്കുകയാണ് നേതൃത്വം. അതേസമയം, ലിഞ്ചിങുകള്‍ അഥവാ അടിച്ചുകൊല്ലുന്ന, ഏറ്റവും അപമാനകരമായ കൊലപ്പെടുത്തലുകള്‍ നടത്തുന്ന വീരശൂരപരാക്രമങ്ങളുടെ വീര്യം കൂടിയ വീഡിയോ ദൃശ്യങ്ങള്‍ മനോഹരമായി പകര്‍ത്തി ഇന്ത്യ മുഴുവന്‍ നിമിഷങ്ങള്‍ക്കകം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു. ബീഫ് കഴിക്കരുത്, കശാപ്പു ചെയ്യരുത്, കന്നുകാലിക്കച്ചവടം നടത്തരുത് എന്നൊക്കെ ഇന്നലെ പറഞ്ഞവര്‍ ഇന്ന്, ഇരിക്കുന്ന സീറ്റുകള്‍ മുഴുവന്‍ ഒഴിഞ്ഞുകൊടുക്കാനാണ് ആവശ്യപ്പെടുന്നത്. ജുനൈദ് തീവണ്ടിയിലെ സീറ്റില്‍നിന്ന് എഴുന്നേറ്റ് മാറാനും അവിടെ ഇരിക്കാനും നടത്തിയ 'ഓപറേഷന്‍' ഒരു തുടക്കമാണ്. നിങ്ങളുടെ ജോലിസ്ഥലത്തു നിന്നും ഉദ്യോഗത്തില്‍ നിന്നും ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി. ഏതെങ്കിലും ഒരു മുസ്‌ലിം അബദ്ധവശാല്‍ ഉന്നതസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ തീവ്രവാദം ആരോപിച്ച് പുകച്ചു പുറത്തുചാടിക്കുന്ന നടപടികള്‍ മറ്റൊരു ഭാഗത്ത് തകൃതിയായി നടന്നുവരുന്നു. ഫാഷിസം വന്നുകഴിഞ്ഞിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ശുദ്ധഗതിക്കാര്‍ ഇഫ്താറിന് സംഘിയെ ക്ഷണിച്ചിരുത്തി തീറ്റിക്കാന്‍ കഴിയാത്ത സങ്കടത്തിലാണ്. സോഷ്യല്‍ മീഡിയയുടെ വിചാരണമൂലം അതു നടക്കുന്നില്ലത്രേ. എന്തു ചെയ്യാം, എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധര്‍ തന്നെ. പക്ഷേ, ഫാഷിസത്തിനെതിരേ പൊരുതിനില്‍ക്കാന്‍ എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ലതാനും. ജുനൈദിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധം തീരെ നേര്‍ത്തതാണെന്ന പാഠഭേദം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല ആരും. ജയിലറകളില്‍ കഴിയുന്ന നിരപരാധികളായ യുവാക്കള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളില്ലാത്തതുപോലെ, അടിച്ചുകൊല്ലപ്പെടുന്ന ദരിദ്രമനുഷ്യര്‍ക്കായി വിലപിക്കാന്‍ ആളില്ലാത്തതുപോലെ ഈ രാജ്യത്തിന്റെ പതനം ആലോചിക്കാനും ആളുകള്‍ കുറഞ്ഞുവരുന്നു. റൗഡിസം ഇന്ത്യ മുഴുവന്‍ ഡെങ്കിപ്പനിയേക്കാള്‍ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ബീഫ് മുസ്‌ലിം പ്രശ്‌നമല്ല എന്നത് ശരിതന്നെ. അതു മുസ്‌ലിം പ്രശ്‌നമാക്കുകയുമരുത്. പക്ഷേ, അത് ഉന്നംവയ്ക്കുന്നത് മുസ്‌ലിംകളെ തന്നെയാണ്. സന്ധ്യ വരെ കഷ്ടപ്പെട്ട് അരി വാങ്ങി കുടുംബത്തിലേക്ക് പോവുമ്പോള്‍, സഞ്ചിയിലെന്താണ് ബോംബാണോ എന്ന് ഓരോ മുസ്‌ലിമും ചോദിക്കപ്പെടും. ബാംഗ്ലൂരില്‍ നിന്ന് ബസ്സില്‍ കയറിയ ജവാനായ മുസ്‌ലിം യുവാവ് നേരിട്ട ഈ ചോദ്യവും ഒറ്റപ്പെട്ടതല്ല. ജാര്‍ഖണ്ഡില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഒരു പോലിസ് ഏമാന്‍ വെടിവച്ചുകൊന്ന സല്‍മാന്‍ എന്ന 19കാരനെ എന്തിന് വെടിവച്ചുകൊന്നുവെന്ന് ആ ഏമാന് തന്നെ അറിയില്ലെങ്കില്‍ അതിനര്‍ഥം ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് ഒരു കാരണവും വേണ്ടെന്നാണ്. ''ഫാഷിസം നിര്‍വചിക്കുന്നത് അത് എത്രപേരെ കൊന്നു എന്ന് നോക്കിയല്ല, അത് ഏതുരീതിയില്‍ കൊല്ലുന്നു എന്ന് നോക്കിയാണ്''- ജീന്‍പോള്‍ സാര്‍ത്ര് 1953ല്‍ എഴുതിയത് ഇന്ന് ഇന്ത്യ സാക്ഷാല്‍ക്കരിക്കുകയാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം പൊതുസ്ഥലത്ത് വച്ചുള്ള അടിച്ചുകൊല്ലല്‍ എന്ന കാടത്തം സാര്‍വത്രികമായിരിക്കുന്നു. അടിച്ചുകൊല്ലലിന്റെ ഗുണങ്ങള്‍ പലതാണ്. ന്യൂനപക്ഷം വല്ലാതെ ഭയക്കും. ആയുധം ആവശ്യമില്ല. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും വാളും തോക്കും തെളിവായി കൊണ്ടുവരില്ല. കുറേ പേര്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും കൊല്ലുമ്പോള്‍ ഒന്നോ രണ്ടോ പ്രതികളെ ശിക്ഷിക്കാനാവില്ല. പോലിസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ ഇഷ്ടംപോലെ സാവകാശം കിട്ടും. കൊല്ലപ്പെടുന്നവര്‍ക്ക് ഏറ്റവും ഹീനവും അപമാനകരവുമായ മരണം കൊടുക്കാന്‍ കഴിയും. കൊല്ലപ്പെടുന്നവരുടെ വര്‍ഗം പേടിച്ചരണ്ട് പുറത്തിറങ്ങാതാവും. സമൂഹത്തെ അപ്പാടെ ഫാഷിസ്റ്റ്‌വല്‍ക്കരിക്കുന്നതിന്റെ, സര്‍വരെയും ഭീതിയിലാക്കി അടിമപ്പെടുത്തുന്നതിന്റെ, അങ്ങനെ വീണ്ടും തിരഞ്ഞെടുപ്പു വിജയങ്ങള്‍ കൈവശപ്പെടുത്തുന്നതിന്റെ അടയാളമാണിത്. പോലിസും റെയില്‍വേ പോലിസും നോക്കിനില്‍ക്കെയാണ്, അവരെ കാവല്‍ നിര്‍ത്തിയാണ് ഈ മൃഗയാവിനോദങ്ങളുടെ ആചാരം. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ മനുഷ്യസ്‌നേഹത്തിന് സ്ഥാനമുണ്ടാവില്ല. ഫാഷിസ്റ്റ് രാജ്യം വരുന്നതിനേക്കാള്‍ ആപത്കരമാണ് സമൂഹം തന്നെ ഫാഷിസ്റ്റ്‌വല്‍ക്കരിക്കപ്പെടുന്നത്. നിയമനിര്‍വഹണ സംവിധാനങ്ങളുടെ ബോധപൂര്‍വമായ ഇടപെടാതിരിക്കല്‍, നിസ്സംഗത, നിര്‍വികാരത എന്നിവ അതിന്റെ ലക്ഷണങ്ങളാണ്. കാസര്‍കോട്ടെ ചായക്കടയില്‍ ചായ കുടിക്കുന്നവരെ കൊല്ലാനുദ്ദേശിച്ച് കുത്തിയ സംഘി റൗഡികളെ ഒഴിവാക്കി അവരെ കസേരയെടുത്ത് തടഞ്ഞവര്‍ക്കെതിരേ കേസെടുത്ത പോലിസ് കേരളത്തിലാണ്. മംഗലാപുരം, കാസര്‍കോട് വഴി ഈ വിഷമാരി ബിജെപി വിരുദ്ധര്‍ ഭരിക്കുന്ന കേരളത്തിലും സജീവമാണ് എന്നര്‍ഥം. ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമബംഗാളില്‍ പശുക്കടത്തിന് മറ്റ് മൂന്നുപേര്‍ കൊല്ലപ്പെട്ടത് ഈ ആഴ്ചയിലാണ്. രാജസ്ഥാനില്‍ 55കാരനായ സഫര്‍ ഹുസയ്‌നെ, തന്റെ ഭാര്യയെയും മകളെയും കൈയേറ്റം ചെയ്ത നിയമപാലകരെ തടഞ്ഞതിനാണ് അടിച്ചുകൊന്നത്. ആദ്യം അടിച്ചുകൊന്നത് മുഹമ്മദ് അഖ്‌ലാഖിനെ, 2015 സപ്തംബറില്‍. നല്ല ഒന്നാന്തരം ആട്ടിറച്ചി കഴിച്ചുപോയ അയല്‍വാസികളാണ് തിരിച്ചുവന്ന് ഇങ്ങനെ ചെയ്തത്. നരേന്ദ്രമോദി അന്ന് പറഞ്ഞു: കഷ്ടം! പക്ഷേ, കേന്ദ്രത്തിന് ഇതില്‍ പങ്കില്ല. പങ്കും ഉത്തരവാദിത്തവും ഒന്നല്ല, രണ്ടാണ്. സദാചാര പോലിസിനെതിരേ കാവല്‍ നില്‍ക്കുന്ന മീഡിയ പക്ഷേ, ഗോരക്ഷകരുടെ അധാര്‍മികതയ്‌ക്കെതിരേ വേണ്ടത്ര ഗൗരവത്തില്‍ വാളോങ്ങുന്നില്ല. പാട്യാല ഹൗസ് കോടതിവളപ്പില്‍ കനയ്യകുമാറിനെ അടിച്ചു പഞ്ചറാക്കിയത് കറുത്ത ഗൗണിട്ട അഭിഭാഷക സിംഹങ്ങളാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ സെമിനാര്‍ നടത്തിയ പ്രഫസര്‍മാരെ അടിച്ചത് എബിവിപി. പ്രാകൃതമായ കാട്ടാളരീതിയും ഗോത്രവംശീയ വിദ്വേഷാത്മക സംഹാരങ്ങളും നമ്മെ എത്തിക്കുന്നത് പോലിസിലും സര്‍ക്കാരിലും കോടതിയിലും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ഗതികേടിലാണ്. ഇത്തരം ജനാധിപത്യ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് ഭയക്കണമെന്ന് നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളിലെ ഭീതി മറച്ചുവയ്ക്കാന്‍ കുട്ടികളെ ആശ്വസിപ്പിക്കുന്നതുപോലെ വെറുതെ പറയുന്നതാണ്. ആള്‍ക്കൂട്ടങ്ങള്‍ തന്നെ പോലിസും ഗവണ്‍മെന്റും കോടതിയുമായി പരിണമിച്ച്, അവര്‍ തന്നെ ഇവന്‍ കുറ്റവാളി, കൊല്ലപ്പെടേണ്ടവന്‍ എന്നു തീരുമാനിച്ച് വിധി പറഞ്ഞ് നടപ്പില്‍വരുത്തുമ്പോള്‍ ജനാധിപത്യമൂല്യങ്ങള്‍ തുരുമ്പെടുത്തുവെന്നാണ് വെളിവാക്കപ്പെടുന്നത്. ജാര്‍ഖണ്ഡിലെ ഒരു വൃക്ഷശിഖരത്തില്‍ 2016 മാര്‍ച്ചില്‍ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ രണ്ട് കന്നുകാലിക്കച്ചവടക്കാരുടെ ചിത്രം മാത്രം മതിയായിരുന്നു ഇന്ത്യക്ക് മാറിച്ചിന്തിക്കാന്‍. പക്ഷേ, എന്നിട്ടും നാം യുപി ബിജെപിക്ക് എഴുതിക്കൊടുത്തു. ഇപ്പോള്‍ രാഷ്ട്രപതിസ്ഥാനവും അവര്‍ക്കായി കാഴ്ചവയ്ക്കാന്‍ തയ്യാറായിനില്‍ക്കുന്നു. ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ചുവെന്ന് ആരോപിച്ച് ഏഴ് ദലിതുകളെ അടിച്ച് അവശരാക്കിയതും 2017 ഏപ്രിലില്‍ രാജസ്ഥാനില്‍ പെഹ്‌ലൂഖാന്‍ എന്ന ക്ഷീരകര്‍ഷകനെ അടിച്ചുകൊന്നതും ഇന്ത്യന്‍ ജനതയ്ക്കു പഠിക്കാന്‍ ധാരാളമായിരുന്നു. പക്ഷേ, ഫാഷിസം സ്വന്തം പടിവാതില്‍ക്കല്‍ മുട്ടിവിളിക്കുന്നത് കാത്തിരിക്കുകയാണ് നാം വിഡ്ഢികള്‍. ജുനൈദിന്റെ വിഷയത്തില്‍ ഒരു അദ്ഭുതം കൂടി നടന്നു. അസോതി റെയില്‍വേ സ്‌റ്റേഷനിലെ പൈശാചികമായ ഈ കൊലപാതകം, തല്‍സമയം അവിടെ ഉണ്ടായിരുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെ 200ഓളം പേരില്‍ ആരും ബോധപൂര്‍വം 'കണ്ടില്ല.' ഒരു സാക്ഷിയുമില്ല. ഈ പൊതു അന്ധത രാജ്യം എത്തിച്ചേര്‍ന്ന ദുരന്തത്തിന്റെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ നമുക്കാണ് അന്ധതയും ബധിരതയും ബാധിച്ചിരിക്കുന്നത്. ഇതിനര്‍ഥം ഈ കേസ് ഒരു തുമ്പുമില്ലാതെ മറ്റൊരു ദുരന്തപര്യവസാനം കാത്തിരിക്കുന്നു എന്നത്രേ. ഇതില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സന്ദേശം, മനുഷ്യത്വം നമുക്ക് അന്യമായിവരുകയാണ് എന്നാണ്. ഇവര്‍ ഇരകളാണ്; അപ്പോള്‍ എങ്ങനെ വേണമെങ്കിലും വേട്ടയാടാം. ആഫ്രിക്കയില്‍ കറുത്തവരെ കൊല്ലുമ്പോള്‍ വെള്ളക്കാരനുണ്ടായിരുന്ന അതേ നിസ്സംഗത!

RELATED STORIES

Share it
Top