മുസ്‌ലിംലീഗ് വഞ്ചിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: വീട് വാങ്ങിത്തരാമെന്നു പറഞ്ഞ് മുസ്‌ലിംലീഗ് പറ്റിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. രാധിക വെമുല മുസ്്‌ലിം ലീഗിനെതിരേ ആരോപണമുന്നയിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ ദരിദ്രരായതിനാല്‍ വീടു വയ്ക്കാനായി പാര്‍ട്ടി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും വര്‍ഷം രണ്ടു പിന്നിട്ടിട്ടും ഇതുവരെ പണം തന്നില്ലെന്നുമാണ് രാധിക വെമുലയെ ഉദ്ധരിച്ച് “ദ ന്യൂസ് മിനിറ്റ് റിപോര്‍ട്ട് ചെയ്തത്. ഇതിനെതിരേയാണു രാധിക തന്നെ രംഗത്തെത്തിയത്.
രണ്ട് ചെക്കുകള്‍ പാര്‍ട്ടി നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്ന് ബൗണ്‍സായെന്ന തരത്തിലുള്ള ആരോപണങ്ങള്‍ രാധികയുടെ ഭാഗത്തു നിന്ന് ഉണ്ടായതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ടാണ് രാധിക വെമൂല രംഗത്തെത്തിയത്.
രോഹിതിന്റെ സഹോദരന്‍ രാജ് വെമുലയും വിശദീകരണക്കുറിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. തന്നെയും സഹോദരനെ അപമാനിക്കാനായി ആരോ തന്റെ  ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞു തുടങ്ങുന്നതാണു രാജ് വെമുലയുടെ പോസ്റ്റ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇപ്പോഴും തനിക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചിട്ടില്ലെന്നും അമ്മ രാധിക വെമുലയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ രാജ് വെമുല വ്യക്തമാക്കി. ചെക്കുകളൊന്നും ബൗണ്‍സ് ആയിട്ടില്ല. ചില സാങ്കേതികപ്രശ്‌നങ്ങള്‍ കൊണ്ടാണ് തിരസ്‌കരിക്കപ്പെട്ടത്. ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അവര്‍ ഇതുവരെ അഞ്ചു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. റമദാനു ശേഷം 10 ലക്ഷം തുക കൂടി തരുമെന്നും പറഞ്ഞിരുന്നു. ബിജെപിക്കെതിരേ നിലകൊള്ളുന്ന ആര്‍ക്കുവേണ്ടിയും ഞാന്‍ കാംപയിന്‍ ചെയ്യും. ലേഖനത്തിലൂടെ പ്രചരിക്കുന്നതെല്ലാം തെറ്റാെണന്നും രാജ് വെമുലയുടെ പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ലീഗ് വാക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കുമെന്നും ചെക്ക് ബൗണ്‍സ് ആയ കാര്യം നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ലീഗ് നേതാവ് എം കെ മുനീര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

RELATED STORIES

Share it
Top