മുസ്‌ലിംലീഗ് എസ്പി ഓഫിസ് മാര്‍ച്ച് ഇന്ന്‌

വടകര: കുറ്റിയാടി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കുമെതിരെ സിപിഎം  അക്രമം അഴിച്ചുവിടുന്നതായി മുസ്‌ലിം ലീഗ്.  സിപിഎമ്മിന്റെ അക്രമത്തിന് ചൂട്ടു പിടിക്കുന്ന പൊലിസ് നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന്  വടകര  എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന്   കുറ്റിയാടി മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.ഡോ എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
മുസ്‌ലിംലീഗുകാര്‍ അക്രമിക്കപ്പെട്ട കേസില്‍ നടപടിയെടുക്കാന്‍ മടി കാണിക്കുന്ന പൊലിസ് സിപിഎമ്മുകാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് മുസ്‌ലിം ലീഗുകാരെ വേട്ടയാടുകയാണ്.കാക്കുനി, തീക്കുനി, കോട്ടപ്പള്ളി, മയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമാണ് സിപിഎമ്മുകാര്‍ നടത്തിയത്. കാക്കുനിയില്‍ നിരവധി വീടുകള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ അക്രമമുണ്ടായി. യൂത്ത് ലീഗ് പഠന ക്യാംപ് നടക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട് അക്രമിക്കുകയും ചെയ്തു.
കാക്കുനിയിലും പരിസര പ്രദേശങ്ങളിലും ആരാധാനാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും നേരെ അക്രമം നടക്കുമ്പോള്‍ പൊലിസ് കാഴ്ചക്കാരായി മാറുകയായിരുന്നു. സിപിഎമ്മിന്റെവോളന്റിയര്‍മാരെ പോലെയാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top