മുസ്‌ലിംലീഗിന്റെ ആള്‍ക്കൂട്ട നേതൃത്വം

ഐക്യകേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്ന മുസ്‌ലിംലീഗ് പുതിയ ചില ചുവടുവയ്പുകള്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ട് പ്രഖ്യാപിച്ച ഭാരവാഹിപ്പട്ടികയില്‍ വനിതകള്‍ക്കും ദലിത് സമുദായാംഗങ്ങള്‍ക്കും സ്ഥാനം നല്‍കാനാണ് നേതൃത്വം തയ്യാറായത്. അതു നല്ലതുതന്നെ. സമൂഹത്തിന്റെ വിവിധ ധാരകളെ നേതൃത്വത്തില്‍ ഉള്‍ക്കൊള്ളുകയും സഹോദര സമുദായങ്ങളില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും ചെയ്യുകയെന്നത് ഇന്നു വളരെ അനിവാര്യമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്. രാജ്യത്തെ ഗ്രസിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെയും ഭൂരിപക്ഷ മതത്തിന്റെ പേരിലുള്ള വര്‍ഗീയതയെയും ചെറുക്കാന്‍ കീഴാളവിഭാഗങ്ങളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ഏതു ശ്രമവും സ്വാഗതാര്‍ഹം തന്നെയാണ്. ആ നിലയില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ദലിത് സമുദായത്തില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് ആദ്യമായി പ്രവേശനം കിട്ടിയതും സന്തോഷകരമായ കാര്യം തന്നെയാണ്.പക്ഷേ, എന്താണ് മുസ്‌ലിംലീഗിന്റെ പുതിയ നേതൃത്വവും അതിന്റെ പ്രവര്‍ത്തനരീതികളും ചൂണ്ടിക്കാട്ടുന്നത്? മുസ്‌ലിം സമുദായത്തിന്റെ പേരുപയോഗിച്ച് പതിറ്റാണ്ടുകളായി അധികാര രാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. സംവരണ സമുദായങ്ങളുടെ പിന്നാക്കാവസ്ഥയെയും സംവരണ വിഷയത്തില്‍ മുസ്‌ലിംകള്‍ അടക്കമുള്ള സമുദായങ്ങളുടെ പ്രശ്‌നങ്ങളെയും മുന്‍നിര്‍ത്തി നേരത്തേ സംഘടിപ്പിക്കപ്പെട്ടിരുന്ന സംവരണ സമുദായ മുന്നണിയുടെ നേതൃത്വവും മുമ്പ് ലീഗിനായിരുന്നു. എന്നാല്‍, ഈ രംഗങ്ങളില്‍ ഒട്ടും ആത്മാര്‍ഥതയോ സത്യസന്ധതയോ ഉള്ള സമീപനമല്ല മുസ്‌ലിംലീഗ് ഇക്കാലമത്രയും സ്വീകരിച്ചുപോന്നത്. സംവരണ സമുദായങ്ങളെ ഒന്നിപ്പിച്ച് ഒരേ ചരടില്‍ നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ലീഗ് ഒരുകാലത്തും ശ്രമം നടത്തുകയുണ്ടായില്ല. അതിനാല്‍ സഹോദര സമുദായങ്ങളിലെ കീഴാളവിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതിലും അവര്‍ പരാജയപ്പെടുകയായിരുന്നു. അതിന്റെ മറുവശം, കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനു വളരാനുള്ള മണ്ണ് പാകപ്പെട്ടുവന്നു എന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സംവരണ സമുദായങ്ങളുടെ പ്രതിനിധികളായ നിരവധി സംഘടനകളെ സംഘപരിവാര പ്രസ്ഥാനങ്ങളോട് അടുപ്പിക്കുന്നതില്‍ അവരുടെ നേതൃത്വം വിജയിക്കുകയുണ്ടായി. എല്ലാകാലത്തും മുസ്‌ലിം സമുദായത്തോട് സ്‌നേഹവും സാഹോദര്യവും പുലര്‍ത്തിയ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പോലും ശക്തമായ വേരോട്ടമാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ സംഘപരിവാര രാഷ്ട്രീയത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞത്. അത്തരം സമുദായങ്ങളുമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധങ്ങളുടെ ഇഴയടുപ്പം ഉപയോഗിച്ചുകൊണ്ട് ശക്തമായ സാഹോദര്യബന്ധം കെട്ടിപ്പടുക്കാന്‍ ലീഗിനു കഴിയേണ്ടതായിരുന്നു. അതുണ്ടായില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഇപ്പോള്‍ വൈകിയാണെങ്കിലും അതു തിരിച്ചറിഞ്ഞ് ചില തിരുത്തല്‍ നടപടികള്‍ ലീഗ് സ്വീകരിച്ചതായി കാണുന്നു. പക്ഷേ, ചരിത്രത്തില്‍ ഇന്നുവരെയില്ലാത്തവിധം ഒരു ആള്‍ക്കൂട്ടസംഘമാണ് പുതിയ നേതൃത്വം. അത് എത്രത്തോളം ഫലപ്രദമാവും എന്ന് കണ്ടുതന്നെ അറിയണം.

RELATED STORIES

Share it
Top