മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ലഖ്‌നോ: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള, എംഎല്‍എ സഞ്ജയ് ഗുപ്ത വൈദ്യുതി വകുപ്പ് അധികൃതരുമായി നടത്തിയ ഫോണ്‍ സന്ദേശമാണ് പുറത്തായത്.
എത്ര മുസ്‌ലിംകള്‍ക്കെതിരേ നടപടി എടുത്തുവെന്നുള്ള കണക്കുകള്‍ ആവശ്യപ്പെട്ടു വൈദ്യുതി വകുപ്പ് എന്‍ജിനീയറെ ഫോണില്‍ വിളിച്ച് എംഎല്‍എ ശകാരിക്കുകയായിരുന്നു. എന്നാല്‍, എന്‍ജിനീയര്‍ ഈ സംഭാഷണം റിക്കാര്‍ഡ് ചെയ്തു സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ നിങ്ങള്‍ എത്ര മുസ്‌ലിംകള്‍ക്കെതിരേ നടപടി സ്വീകരിച്ചു എന്നുള്ളതിന്റെ കണക്കുകള്‍ തനിക്ക് വേണം. ഇല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും. മുസ്‌ലിംകള്‍ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുവെന്ന് അറിയണമെങ്കില്‍ അവര്‍ താമസിക്കുന്ന പ്രദേശത്തു പോയി നോക്കണം. തുടങ്ങിയ തീവ്ര മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വന്നതോടെയാണ് എംഎല്‍എയുടെ ഫോണ്‍ സംഭാഷണം എന്‍ജിനീയര്‍ റിക്കാര്‍ഡ് ചെയ്തത്. ഹിന്ദുകള്‍ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു. നിങ്ങള്‍ ഹൈന്ദവരെയും വ്യവസായികളെയും അപമാനിക്കുകയാണെന്നും എംഎല്‍എ എന്‍ജിനീയറോടു പറയുന്നുണ്ട്.
വലിയ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് ഏഴുപേര്‍ക്കെതിരേ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top