'മുസ്‌ലിംകള്‍ക്കിടയില്‍ മുത്ത്വലാഖ് അസാധാരണം'ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയില്‍ മുത്ത്വലാഖ് അസാധാരണമാണെന്നു സര്‍വേ. മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ 100ല്‍ ഒന്നുപോലും മുത്ത്വലാഖ് മുഖേനയുള്ളതല്ലെന്ന് ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോ ര്‍ റിസര്‍ച്ച് ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡെവലപ്‌മെന്റ് പോളിസി (സിആര്‍ഡിഡിപി) നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയിരിക്കുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്ത്വലാഖ് മുഖേന നടന്നത്. ഇത് ആകെ നടക്കുന്ന വിവാഹമോചനത്തിന്റെ 0.3 ശതമാനം മാത്രമാണെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തുടനീളം 3,811 സ്ത്രീകളും 16,860 പുരുഷന്‍മാരുമാണ് സിആര്‍ഡിഡിപി സര്‍വേ നടത്തിയ ഓണ്‍ലൈനില്‍ സര്‍വേയില്‍ അഭിപ്രായം പങ്കുവച്ചത്. നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിലെ (എന്‍സിഎഇആ ര്‍) മുന്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അബൂസാലിഹ് ശരീഫിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. മുത്ത്വലാഖ് പൈശാചികമായ തിന്‍മയാണെന്നും എന്നാല്‍ അതു ചെയ്യുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നും അബൂസാലിഹ് ശരീഫ് പറഞ്ഞു. വിവാഹമോചനത്തിന്റെ ഏറ്റവും ദൂഷ്യഫലം സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ്. മുത്ത്വലാഖ് ഇരകളുടെ മാത്രമല്ല ഏതുനിലയ്ക്കു വിവാഹമോചനത്തിനിരയായവരുടെയും അവസ്ഥ ഒന്നുതന്നെയാണ്.
സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും വിവാഹമോചനത്തിനുള്ള കാരണമായി നിരത്തിയത് 'മറ്റു കാരണങ്ങള്‍' ആണെന്നും അബൂസാലിഹ് ശരീഫ് പറഞ്ഞു. വിവാഹമോചനങ്ങളില്‍ 13.27 ശതമാനവും നടന്നത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ വീട്ടുകാരുടെയോ പ്രേരണമൂലമാണ്. വിവാഹമോചനം നടന്ന 0.8 കേസുകളില്‍ ഭര്‍ത്താവ് മദ്യലഹരിയിലായിരുന്നു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം 8.5 ശതമാനവും ഭര്‍ത്താവിന്റെ അവിഹിതബന്ധംമൂലം എട്ടു ശതമാനവും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാരണത്താല്‍ ഏഴുശതമാനം വിവാഹമോചനങ്ങളും നടന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം സ്ത്രീകളും 46 ശതമാനം പുരുഷന്‍മാരും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. ഇതില്‍ 59 ശതമാനം സ്ത്രീകളും യാതൊരു വരുമാനവുമില്ലാത്തവരാണ്.[related]

RELATED STORIES

Share it
Top