മുസ്‌ലിംകളില്‍ ചാരന്‍മാരെ സൃഷ്ടിക്കാന്‍ പോലിസ് സ്റ്റഡി ക്ലാസ്

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: മുസ്‌ലിം സമുദായത്തില്‍ നിന്നു ചാരന്‍മാരെ സൃഷ്ടിക്കുകയെന്ന ഹിഡന്‍ അജണ്ടയോടെ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്റ്റഡി ക്ലാസ്. പള്ളി ഇമാമുമാര്‍ക്കും മഹല്ല് ഭാരവാഹികള്‍ക്കുമാണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ഐഎസ് തുടങ്ങിയ വൈദേശിക പ്രസ്ഥാനങ്ങളിലേക്കും തീവ്ര ആശയങ്ങളിലേക്കും ആകര്‍ഷിക്കുന്നവരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് രണ്ടു മണിക്കൂര്‍ നീളുന്ന ക്ലാസിലൂടെയുള്ള നിര്‍ദേശം. കേന്ദ്ര ഏജന്‍സികളായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടങ്ങിയവയുടെ നിര്‍ദേശപ്രകാരമാണ് സംഘടിപ്പിക്കുന്നതെന്നാണ് സൂചന. മലബാറിലാണ് പ്രധാനമായും ക്ലാസ് നടക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളും മദ്‌റസകളുമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
കണ്ണൂരില്‍ വളപട്ടണം താജുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജ്, മാട്ടൂല്‍ ഒളിയങ്കര മദ്‌റസ എന്നിവിടങ്ങളിലാണ് രണ്ടു മാസത്തിനിടെ ക്ലാസ് നടന്നത്. ഓരോ ക്ലാസിലും 40ഓളം മഹല്ലുകളിലെ പള്ളി ഇമാമുമാര്‍, ഖത്തീബുമാര്‍, ഭാരവാഹികള്‍ എന്നിവരെയാണ് പങ്കെടുപ്പിക്കുന്നത്. സാമൂഹിക തിന്‍മകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ ക്ലാസിനെന്നു പറഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടും ഫോണിലൂടെയുമാണ് ക്ഷണിക്കുന്നത്. പോലിസ് സേനയിലെ മുസ്‌ലിം ഉദ്യോഗസ്ഥര്‍ ഖുര്‍ആനിലെ ആദ്യ സൂക്തമായ ഫാതിഹ ഓതിയാണ് പരിപാടി തുടങ്ങുന്നത്. തുടര്‍ന്ന് സമാധാനം വിളംബരം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങളും ചരിത്രസംഭവങ്ങളും അവതരിപ്പിക്കുന്നു. പ്രവാചകനും അനുചരന്‍മാരും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും പ്രതിരോധിക്കാതെ സമാധാനത്തിനായി പ്രവര്‍ത്തിച്ചുതുടങ്ങിയ സമര്‍ഥനങ്ങളുമുണ്ട്. സലഫിസം, ജിഹാദി തുടങ്ങിയ പദങ്ങളും ക്ലാസുകളില്‍ ഉപയോഗിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ ക്ലാസിന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍ ഡിവൈഎസ്പി എ വി പ്രദീപ്, സിഐമാരായ അബ്ദുര്‍റഹീം, എം പി ആസാദ്, നാരായണന്‍, മഹല്ല് ശാക്തീകരണം ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇമേജ് (ഇനീഷ്യേറ്റീവ് ഫോര്‍ മഹല്‍ ആന്റ് ഗ്രാസ്‌റൂട്ട്‌സ് എംപവര്‍മെന്റ്) പ്രതിനിധികള്‍ എന്നിവരാണ് പ്രധാനമായും നേതൃത്വം നല്‍കുന്നത്. പരിപാടിയില്‍ പങ്കെടുത്തവരുടെയെല്ലാം മൊബൈല്‍ നമ്പറുകളും പോലിസ് ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കുറിച്ചുള്ള രഹസ്യവിവര ശേഖരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍, ക്ലാസുകളില്‍ പങ്കെടുത്ത ചിലര്‍ ഇത്തരം പരിപാടികളെ കുറിച്ച് ആശങ്കകളും സംശയങ്ങളും പങ്കുവച്ചതായാണ് വിവരം. എത്രമാത്രം സഹകരിച്ചാലും പോലിസ് മുസ്‌ലിംകളെ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നു ചില ഇമാമുമാര്‍ തുറന്നടിച്ചു. ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ മാത്രമേ ഇത്തരം ക്ലാസുകള്‍ ഉപകരിക്കുകയുള്ളൂവെന്നും ചിലര്‍ ആരോപിച്ചു.
സാധാരണയായി പോലിസിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാറുണ്ടെങ്കിലും ഇത്തരം പരിപാടികളെക്കുറിച്ചു വാര്‍ത്തകളൊന്നും കൊടുക്കുന്നില്ലെന്നതും ദുരൂഹമാണ്. പല സംസ്ഥാനങ്ങളിലും ഐബിയും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്ന ചാരന്‍മാരെ സൃഷ്ടിക്കുന്ന പദ്ധതി കേരളത്തിലേക്കും വ്യാപിക്കുകയാണെന്നാണ് സംശയം. മുസ്‌ലിംകളില്‍ തീവ്രവാദികളെ സൃഷ്ടിക്കാന്‍ ഐബിയുടെ നേതൃത്വത്തില്‍ ഉസ്താദുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്‍ഫോര്‍മര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം യുവാക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഏറെ വിവാദമായിരുന്നു.

RELATED STORIES

Share it
Top