മുസ്്‌ലിം സ്ത്രീകളുടെ കാലങ്ങളായുള്ള കഷ്ടപ്പാടിനു മോചനമായി: പ്രധാനമന്ത്രി

തിരുവനന്തപുരം: മുത്ത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ കാലാകാലങ്ങളായി അനുഭവിച്ചിരുന്ന കഷ്ടപ്പാടിന് മോചനമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 85ാമത് ശിവഗിരി തീര്‍ത്ഥാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മുത്ത്വലാഖിന്റെ കാര്യത്തി ല്‍ മുസ്‌ലിം സഹോദരിമാരും അമ്മമാരും എത്രയോ കാലമായി കഷ്ടപ്പെടുകയായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങള്‍നീണ്ട പോരാട്ടത്തിനു ശേഷം അവര്‍ക്ക് മുത്ത്വലാഖില്‍നിന്ന് മോചനം കിട്ടാനുള്ള വഴി തുറന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജാറാം മോഹന്റോയ്, ദയാനന്ദ സരസ്വതി എന്നിവരെപ്പോലെയുള്ളവരുടെ നേതൃത്വത്തില്‍ രാജ്യത്ത് സ്ത്രീകളുടെ അഭിമാനം, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയവയ്ക്കായി നീണ്ട പോരാട്ടങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. നവ ഭാരതത്തിലേക്കുള്ള യാത്ര 2018ല്‍ കൂടുതല്‍ ഗതിവേഗമുള്ളതാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കള്ളപ്പണം, അഴിമതി, ബിനാമി സമ്പത്ത് എന്നിവയ്ക്കുമേല്‍ കടുത്ത നടപടിയെടുക്കും. ഭീകരവാദം, ജാതിവാദം തുടങ്ങിയവയ്‌ക്കെതിരേ പ്രവര്‍ത്തിച്ചുകൊണ്ട് പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവയിലൂടെ എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി വികസനം ഉറപ്പാക്കും. പുതുവര്‍ഷത്തില്‍ നാം ഒത്തുചേര്‍ന്നാല്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ദലിതരെയും പീഡിതരെയും ഇല്ലായ്മ അനുഭവിച്ചിരുന്നവരെയും ശക്തിപ്പെടുത്താന്‍ ശ്രീനാരായണഗുരു വഴിവിളക്കായെന്ന് മോദി പറഞ്ഞു.
സമത്വവും സാഹോദര്യവുമാണ് ശ്രീനാരായണ ഗുരുദര്‍ശനത്തിന്റെ മുഖമുദ്രയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക് പറഞ്ഞു. എം എ യൂസഫലി, റിച്ചാഡ് ഹേ എംപി, ബി ആര്‍ ഷെട്ടി, കെ. മുരളീധരന്‍, എം ഐ ദാമോദരന്‍,  ശശികലാധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top