മുസ്്‌ലിം ലീഗ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയില്‍ ഭിന്നത രൂക്ഷം

ഇരിട്ടി: മുസ്്‌ലിംലീഗ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഭിന്നത രൂക്ഷം. പ്രശ്‌ന പരിഹാത്തിനായി കഴിഞ്ഞ ദിവസം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന മണ്ഡലം കൗണ്‍സിലര്‍മാരുടെ യോഗം ബഹിഷ്‌കരിച്ച് ഒരു വിഭാഗം ഇറങ്ങിപ്പോയി. നിലവിലെ പ്രസിഡന്റ് അഡ്വ. കെ മുഹമ്മദലിയും ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കിയത്.
രണ്ടുവര്‍ഷം മുമ്പ് ഇരിട്ടി നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത പടലപ്പിണക്കവും ഉള്‍പോരും ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചശേഷം അഞ്ച് മാസം മുമ്പാണ് ഇപ്പോഴുള്ള നിയോജക മണ്ഡലം കമ്മിറ്റി സമവായത്തിലൂടെ നിലവില്‍ വന്നത്. തുടക്കം മുതല്‍ തന്നെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തതോടെസെക്രട്ടറിയെ മാറ്റാതെ മുന്നോട്ടുപോവാനാവില്ലെന്ന് അറിയിച്ച് പ്രസിഡന്റ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സമവായത്തിലൂടെ തിരഞ്ഞടുത്ത ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ നിലവിലുള്ള കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗവുമായി ശ്രമം തുടരുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മണ്ഡലം കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ജില്ലാ നേതാക്കളായ അന്‍സാരി തില്ലങ്കേരി, എം പി എ റഹീം, ഇബ്രാഹീം മുണ്ടേരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗം തുടങ്ങിയപ്പോള്‍ തന്നെ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ മുഹമ്മദലിയെ അംഗീകരിക്കില്ലെന്നും പുതിയ ഒരാളെ പ്രസിഡന്റാക്കണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തിയെങ്കിലും ജില്ലാ പ്രതിനിധികള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് പങ്കെടുത്ത 75 കൗണ്‍സിലര്‍മാരില്‍ മുഴക്കുന്ന്, ആറളം, പായം പഞ്ചായത്തുകളിലെ 17 പേര്‍ യോഗം എകപക്ഷീിയമാണെന്നാരോപിച്ച് ഇറങ്ങിപ്പോയത്.
തുടര്‍ന്നുനടന്ന യോഗത്തില്‍ അഡ്വ. കെ മുഹമ്മദലി പ്രസിഡന്റും സി അബ്ദുല്ല ജനറല്‍ സെക്രട്ടറിയും എം എം മജീദ് ഖജാഞ്ചിയുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുതുതായി പ്രഖ്യാപിച്ച മണ്ഡലം കമ്മിറ്റിയെ അംഗികരിച്ചു മുന്നോട്ടുപോവാന്‍ കഴിയില്ലെന്നാണ് യോഗം ബഹിഷ്‌കരിച്ചവരുടെ നിലപാട്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്‍ രണ്ടുവര്‍ഷമായി നിലനില്‍ക്കുന്ന പരോക്ഷമായ ഉള്‍പോര് മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തെയും യുഡിഎഫ് പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ സമീപകാലത്ത് നടത്തിയ സമരങ്ങളിലും മറ്റും ജനപങ്കാളിത്തം കുറഞ്ഞതും പാര്‍ട്ടി കേന്ദ്രങ്ങളില്‍ മറ്റു സമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിക്കുന്നതും നേതൃത്വം പിടിച്ചടക്കാനുള്ള നേതാക്കളുടെ കിടമല്‍സരത്തില്‍ യൂനിറ്റ് പ്രവര്‍ത്തനം നിലച്ചതു കൊണ്ടാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. മേഖലയിലെ ഏക നഗരസഭയായ ഇരിട്ടിയില്‍ യൂഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും രണ്ടു വര്‍ഷമായി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയാത്തതിലും നഗരസഭയിലെ യൂഡിഎഫിലെ എറ്റവും വലിയ ഒറ്റ കക്ഷിയായ ലീഗിന്റെ അണികളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top