മുസഫര്‍ കലാപം : അക്രമികളെ ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ അറസ്റ്റ് ചെയ്തില്ല-ഹൈദരലി തങ്ങള്‍

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിലെ അക്രമികള്‍ക്കെതിരേ നടപടിയെടുക്കാത്ത സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്നു മുസ്്‌ലിംലീഗ് രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കലാപത്തെത്തുടര്‍ന്ന് ഭവനരഹിതരായ  മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്കായി മുസ്‌ലിംലീഗ് നിര്‍മിച്ചുനല്‍കിയ വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിലെ അക്രമികളെ ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ ഇതുവരെയും അറസ്റ്റ് ചെയ്തില്ലെന്ന് പറഞ്ഞ ഹൈദരലി തങ്ങള്‍, ഈ സാഹചര്യത്തില്‍ ഇരകള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുന്നത് വലിയ ആശ്വാസമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പരസ്പരം ഐക്യപ്പെട്ടുനിന്നെങ്കില്‍ മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇ അഹമ്മദ് സാഹിബിന്റെ സ്മരണാര്‍ഥം സ്ഥാപിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു. അക്രമിക്കപ്പെട്ട സ്വന്തം വീടുകളില്‍ നിന്നു ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ഒരുക്കിയ ഈ പദ്ധതി മുസ്്‌ലിംലീഗിന് ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലീഗ് അഖിലേന്ത്യാ ഖജാഞ്ചി പി വി അബ്ദുല്‍വഹാബ് എംപി താമസക്കാര്‍ക്ക് രേഖകള്‍ കൈമാറി.

RELATED STORIES

Share it
Top