മുഴുവന്‍ റേഷന്‍ കടകളിലും ഇ പോസ് വഴി റേഷന്‍ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 14374 റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ മുഖേന റേഷന്‍ വിതരണം ആരംഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ രംഗത്തെ ഒരു പ്രധാന നവീകരണ ശ്രമമാണിത്.  സംസ്ഥാനത്തെ 3.41 കോടി ഗുണഭോക്താക്കളെയും ആധാര്‍ ഡാറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ത്തിയാക്കിയത്.  കേരളത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു.
രണ്ടു വ്യത്യസ്ത സിം കാര്‍ഡുകള്‍ ഓരോ കടയ്ക്കും നല്‍കി.  തുടര്‍ന്നും പ്രശ്‌നമുള്ളവര്‍ക്ക് പ്രത്യേക ആന്റിന നല്കി.  കേരളത്തിലെ 14374 റേഷന്‍ കടക്കാര്‍ക്കും വകുപ്പിലെ 1500 ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ഇ പോസ് മെഷീനുകളുടെ സര്‍വീസിങിനായി ഏഴ് സര്‍വീസ് സെന്ററുകളും 240 സര്‍വീസ് എന്‍ജിനീയര്‍മാരെയും വിന്യസിച്ചു.
ഏപ്രിലില്‍ 49,00,334 ഗുണഭോക്താക്കള്‍ക്ക് വിജയകരമായി റേഷന്‍ നല്‍കി. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കയറികൂടിയ 1,68,567 പേരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു.  ഒരു കാര്‍ഡിലും ഉള്‍പ്പെടുത്താത്ത 75,000 കുടുംബങ്ങള്‍ക്കും ജൂണ്‍ ഒന്നു മുതല്‍ കാര്‍ഡ് നല്‍കും.  വാതില്‍പ്പടി വിതരണം, സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള വിതരണം സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണം, ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കല്‍, പോര്‍ട്ടബിലിറ്റി സൗകര്യം എന്നീ ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന മുഴുവന്‍ ഘടകങ്ങളും കേരളം പൂര്‍ത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. റേഷന്‍ വ്യാപാര ഉടമകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും റേഷന്‍ കടകള്‍ നവീകരിക്കുന്നതിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റേഷന്‍ വ്യാപാരികള്‍ക്ക് വേതനപാക്കേജിനുപകരം കമ്മീഷന്‍ പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കാതെ റേഷന്‍ കടകളില്‍ മിനി ബാങ്കും മിനി മാവേലി സ്‌റ്റോറും നടത്താന്‍ അനുവദിക്കില്ലെന്നു ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. വിവിധ സംഘടനയില്‍പെട്ട റേഷന്‍ വ്യാപാരികളെ പങ്കെടുപ്പിച്ച് സംയുക്ത സമര പ്രഖ്യാപന റേഷന്‍ ഡീലേഴ്‌സ് സംഗമം ജൂലൈ 22ന് നടത്തുമെന്നും ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

RELATED STORIES

Share it
Top