മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: കാന്തപുരം

തിരുവനന്തപുരം: മട്ടന്നൂര്‍ ഇടയന്നൂരിലെ ശുഐബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍.
നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് തെളിവുകള്‍ പുറത്തുവിടാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ, ജാതി, മത പരിഗണനകളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൊലക്കേസ് പ്രതികള്‍ക്ക് ഇസ്‌ലാം മതം കടുത്ത ശിക്ഷ വ്യവസ്ഥചെയ്തതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top