മുഴുവന്‍ പ്രതികളും പിടിയില്‍; കൊലക്കുറ്റം ചുമത്തി

പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പിടികൂടി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. മുക്കാലി പൊതുവച്ചോല വീട്ടില്‍ അബൂബക്കര്‍ (31), പൊതുവച്ചോല ഷംസുദ്ദീന്‍ (34), തൊട്ടിയില്‍ ഉബൈദ് (25), കുന്നത്ത് അനീഷ് (30), മണ്ണമ്പറ്റ ജൈജുമോന്‍ (44), കിളിയില്‍ മരക്കാര്‍ (33), താഴുശ്ശേരി രാധാകൃഷ്ണന്‍ (34), വിരുത്തിയില്‍ നജീബ് (33), സഹോദരന്‍ മുനീര്‍ (28), പടിഞ്ഞാറേപള്ള കരിക്കള്‍ സിദ്ദീഖ് (38), പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുരുക്കിട സതീഷ് (39), ചരുവില്‍ വീട്ടില്‍ ഹരീഷ് (34), സഹോദരന്‍ ബിജു (41) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തന്നെ ചോലയില്‍ അബ്ദുല്‍ കരീം (48), പാക്കുളം മേച്ചേരിയില്‍ വീട്ടില്‍ ഹുസൈന്‍ (50) എന്നിവര്‍ അറസ്റ്റിലായിരുന്നു.
ഇതോടെ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനായെന്ന് പോലിസ് പറഞ്ഞു. ഇവരെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. സംഭവം കൊലപാതകമാണെന്നു വ്യക്തമാക്കിയതോടെ പ്രതികള്‍ക്കെതിരേ ഐപിസി 307, 302, 324 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴു വകുപ്പുകള്‍ കൂടി ചുമത്തും. റിസര്‍വ് വനത്തില്‍ അനുമതിയില്ലാതെ കടന്നതിനു വനനിയമപ്രകാരവും കേസെടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ അറിയിച്ചു.
മര്‍ദിക്കുന്നത് കണ്ടിട്ടും നടപടിക്ക് മുതിരാത്ത രണ്ട് വനിതാ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കെതിരേ മണ്ണാര്‍ക്കാട് ഡിഎഫ്ഒക്ക് പ്രത്യേക അന്വേഷണസംഘം റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top