മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം

കണ്ണൂര്‍: 2018-19 വര്‍ഷത്തേക്കുള്ള ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കണ്ണൂര്‍ കോര്‍പറേഷന്‍, ആന്തൂര്‍, പാനൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ നഗരസഭകള്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, നാറാത്ത്, മുഴക്കുന്ന്, ഉദയഗിരി, ചിറക്കല്‍, കേളകം, പേരാവൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന ഡിപിസി യോഗം അംഗീകാരം നല്‍കിയതോടെയാണിത്.
മട്ടന്നൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയാണ് ഏറ്റവും അവസാനമായി അംഗീകരിച്ചത്. ജനകീയാസൂത്രണം നടപ്പാക്കിയ ശേഷം ഇതാദ്യമായാണ് മാര്‍ച്ച് 31ഓടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നത്.
ഇതോടെ സാമ്പത്തിക വര്‍ഷാരംഭത്തോടെ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കുന്നതിന് വഴിയൊരുങ്ങി. നേരത്തേ കൂടുതല്‍ സമയം പദ്ധതി ആസൂത്രണത്തിനും കുറഞ്ഞ സമയം നിര്‍വഹണത്തിനും എന്നതായിരുന്നു സ്ഥിതി. ഏപ്രില്‍ മുതല്‍ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ കിട്ടിയ അവസരം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല കൈവരിച്ച മികച്ച നേട്ടം അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കെ ശോഭ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, മേയര്‍ ഇ പി ലത, കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, എം സുകുമാരന്‍, പി കെ ശ്യാമള, പി ജാനകി, പി ഗൗരി, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, കെ വി ഗോവിന്ദന്‍, കെ പ്രകാശന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top