മുഴുവന്‍ കുട്ടികളെയും സ്‌കൗട്ട് ആന്റ് ഗൈഡില്‍ ചേര്‍ത്ത രാജ്യത്തെ ആദ്യ സ്‌കൂളായി

ഐഡിയല്‍ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: സ്‌കൂളുകളില്‍ സേവന തല്‍പരരായ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സ്‌കൗട്ട് ആന്റ് ഗൈഡ്. സ്‌കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവരാണു മുന്നിലുണ്ടാവുക. യുവജനോല്‍സവങ്ങളിലും സ്‌കൂള്‍ സ്‌പോര്‍ട്‌സ് മല്‍സരങ്ങളിലും അങ്ങനെ എല്ലാത്തിലും.
ഇവിടെ സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്നതിന് എല്ലാ വിദ്യാര്‍ഥികളെയും സ്‌കൗട്ട് ആന്റ് ഗൈഡില്‍ ചേര്‍ത്തിരിക്കുകയാണ് കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും സ്‌കൗട്ട് ആന്റ് ഗൈഡില്‍ ഉള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സ്‌കൂളെന്ന ബഹുമതിയാണ് ഇതിലൂടെ ഐഡിയല്‍ സ്വന്തമാക്കിയത്. കെജി, എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ കുട്ടികളും ഇവിടെ സ്‌കൗട്ട് ആന്റ് ഗൈഡിലെ അംഗങ്ങളാണ്. കെജി വിഭാഗത്തില്‍ ബണ്ണീസ് എന്ന പേരില്‍ 700 കുട്ടികളും, എല്‍പി വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ കപ്‌സ് വിഭാഗത്തിലും പെണ്‍കുട്ടികള്‍ ബുള്‍ബുള്‍ വിഭാഗത്തിലുമായി 1100 പേരുമുണ്ട്. യുപിയിലും ഹൈസ്‌കൂളിലുമായി 1800 കുട്ടികളും. അങ്ങനെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സ്‌കൗട്ട് ആന്റ് ഗൈഡ് എന്ന റെക്കോര്‍ഡ് ഐഡിയല്‍ സ്‌കൂളിന്റെ പേരിലായി.
ഇതിന്റെ പ്രഖ്യാപനം അടുത്ത ജൂണില്‍ സ്‌കൂള്‍ തുറന്നതിനുശേഷം ഗവര്‍ണറെകൊണ്ട് നടത്തിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സ്‌കൗട്ട് ആന്റ് ഗൈഡ് സ്ഥാപിച്ച ബേഡന്‍ പവലിന്റെ പേരില്‍ മൈസൂരില്‍ നടക്കുന്ന സ്‌കൂളില്‍ പോലും മുഴുവന്‍ കുട്ടികളെപ്പോലും സ്‌കൗട്ടിലേക്ക് ചേര്‍ക്കാനായിട്ടില്ല. അപ്പോഴാണു സ്വപ്‌നതുല്യ നേട്ടം സ്വന്തമാക്കി ഐഡിയല്‍ സ്‌കൂള്‍ ചരിത്രം സൃഷ്ടിക്കുന്നത്. ചേകനൂര്‍ സ്വദേശിയായ ഹുസയ്ന്‍ ഈ സ്‌കൂളില്‍ സ്‌കൗട്ട് ആന്റ്് ഗൈഡിന്റെ ചുമതല 2009ല്‍ ഏറ്റെടുത്തതോടെയാണു സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചത്.
2012 മുതല്‍ തന്നെ സ്‌കൗട്ട് ആന്റ് ഗൈഡില്‍ ഈ സ്‌കൂളിലെ 150 കുട്ടികള്‍ രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാനതലത്തിലെ രാജ്യപുരസ്‌കാര്‍ നേടിയവരാവട്ടെ 300ല്‍ കൂടുതലാണ്. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സ്‌കൗട്ട് ആന്റ് ഗൈഡ് പ്രോഗ്രാമിലും ഈ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുക്കാന്‍ അവസരം കിട്ടാറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ജപ്പാനില്‍വച്ച് നടന്ന അന്താരാഷ്ട്ര സ്‌കൗട്ട് ചടങ്ങില്‍ ഈ സ്‌കൂളിലെ മുഹമ്മദ് നജീബ് പങ്കെടുത്തിരുന്നു. 2019ല്‍ അമേരിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്‌കൗട്ട് പ്രോഗ്രാമില്‍ ഈ സ്‌കൂളില്‍നിന്ന് 20 കുട്ടികളാണ് പങ്കെടുക്കുന്നത്. ആകെ കേരളത്തില്‍നിന്ന് പങ്കെടുക്കാന്‍ അവസരം ലഭിച്ചത് 26 കുട്ടികള്‍ക്ക് മാത്രമാണ്.
അതില്‍ 20 പേരാവട്ടെ ഐഡിയലില്‍ നിന്നും. സാധാരണ ഒരു സ്‌കൂളില്‍ സ്‌കൗട്ടിന് ഒരൊറ്റ യൂനിറ്റ് മാത്രമാണ് ഉണ്ടാവുക. ഏറ്റവും കൂടുതല്‍ സ്‌കൗട്ട് യൂനിറ്റുള്ള മലപ്പുറം പികെഎംഎച്ച്എസ്എസില്‍ നാല് യൂനിറ്റുകള്‍ മാത്രമാണുള്ളത്. ഐഡിയല്‍ സ്‌കൂളിലാവട്ടെ സ്‌കൗട്ട് യൂനിറ്റിന്റെ എണ്ണം 160 ആണ്.
സ്‌കൂളിലെ മുഴുവന്‍ കുട്ടികളും സ്‌കൗട്ട് ആന്റ് ഗൈഡ് യൂനിഫോമിലാണ് ആഴ്ചയില്‍ ഒരുദിവസം സ്‌കൂളിലെത്തുക. ഒരേ ലക്ഷ്യം, ഒരെ മനസ്സ്, ഒരൊറ്റ ജനത എന്നതിന്റെ മഹത്തായ സന്ദേശം പകരുകയാണ് ഇവിടെ കുട്ടികള്‍.

RELATED STORIES

Share it
Top