മുഴപ്പിലങ്ങാട് ലോറി കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

തലശ്ശേരി: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം ചരക്കുലോറി കത്തി നശിച്ചു. ഇന്നലെ വൈകീട്ട് 5.45ഓടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു.
മംഗലാപുരത്തു നിന്നു പെയിന്റ് കയറ്റി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറി പൂര്‍ണമായും കത്തിനശിച്ചു. ദേശീയപാതയില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ആകാശത്തോളം ഉയര്‍ന്ന തീഗോളം കണ്ട് വാഹനങ്ങളിലുണ്ടായിരുന്നവരും പരിസരത്തെ വീടുകളിലുണ്ടായിരുന്നവരും ഭയ വിഹ്വലരായി പുറത്തേക്കോടി.
തീപിടിത്തത്തിനിടെ ലോറിയില്‍ നിന്നുണ്ടായ പൊട്ടിത്തെറികള്‍ ആശങ്ക സൃഷ്ടിച്ചു. പരിസരത്തെ വീടുകളില്‍ നിന്നു ജനങ്ങളെ അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. ഗ്യാസ് ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്ന പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളും ഭീതീയിലായി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 10 ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ രണ്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇരു ഭാഗത്തുനിന്നുമുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു.
നാട്ടുകാരും പൊതുപ്രവര്‍ത്തകരും പോലിസും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തലശ്ശേരി എഎസ്പി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഗതാഗതം നിയന്ത്രിച്ചു. ടോള്‍ ബൂത്ത് കടക്കുന്നതിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കിന് തീ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ചാല ദുരന്തത്തിന് സമാനമായ തരത്തിലാണ് തീ പടര്‍ന്നതും പൊട്ടിത്തെറിച്ചതും. ടാങ്കര്‍ ദുരന്തമാണെന്ന പ്രചാരണം നവ മാധ്യമങ്ങളില്‍ ശക്തമായതോടെ ദുരന്തത്തിന്റെ വ്യാപ്തിയറിയാന്‍ വിദേശത്തു നിന്നുള്‍പ്പെടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു.

RELATED STORIES

Share it
Top