മുഴക്കുന്ന് എസ്‌ഐയുടെ അവധി വിവാദത്തില്‍

ഇരിട്ടി: ശുഹൈബ് വധക്കേസില്‍ പ്രതികളെ തേടി പാര്‍ട്ടി ഗ്രാമമായ മുടക്കോഴി മലയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയ മുഴക്കുന്നു പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ പി രാജേഷ് അവധിയില്‍. ശുഹൈബ് വധക്കേസില്‍ പ്രതികള്‍ അറസ്റ്റിലായ ദിവസം തന്നെ എസ്‌ഐ രാജേഷ് അവധിയില്‍ പോയിരുന്നു. സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കിയെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
സ്റ്റേഷനില്‍ ചാര്‍ജെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനാണ് രാജേഷ്. ശുഹൈബ് കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് സിപിഎം കേന്ദ്രങ്ങളില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍  പരിശോധന നടത്തി ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് സാമൂഹിക മാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മുഴക്കുന്നിലെ സിപിഎം പ്രവര്‍ത്തകനെ രാജേഷ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതറിഞ്ഞ് പേരാവൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി എസ്‌ഐയെ അസഭ്യം പറഞ്ഞു. ഇതിനെതിരേ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇദ്ദേഹത്തെ സ്ഥലംമാറ്റി. എന്നാല്‍ മുഴക്കുന്നിലേക്ക് എസ്‌ഐയെ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ടു സിപിഎം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. തുടര്‍ന്ന് വീണ്ടും ഇദ്ദേഹത്തെ മുഴക്കുന്നില്‍ മാറ്റി നിയമിക്കുകയായിരുന്നു.

RELATED STORIES

Share it
Top