മുഴക്കുന്നില്‍ വീണ്ടും കാട്ടാനയാക്രമണം

ഇരിട്ടി: നാട്ടുകാരെ ഭീതിയിലാഴ്ത്തി മുഴക്കുന്നിലെ ജനവാസകേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തു. രണ്ടു വനപാലകര്‍ രക്ഷപ്പെട്ടത് ജീപ്പ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം. ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് സംഭവം. വിളക്കോട് ഹാജി റോഡിന് സമീപമാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പ്രഭാത സവാരിക്കിറങ്ങിയ ചാക്കാട് വലിയപറമ്പില്‍ പുരുഷോത്തമനാണ് അക്രമത്തില്‍ പരിക്കേറ്റത്. ചാക്കാട്ടുനിന്ന് ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബുജോസഫും എസ്‌ഐ വിജേഷിന്റെ നേതൃത്വത്തില്‍ പോലിസും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി കെ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തു. ഇതിനിടെ കാട്ടാന സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്ന് റോഡിലേക്ക് പലവട്ടം കയറി വീണ്ടും പഴയസ്ഥാനത്ത് നിലയുറപ്പിച്ചു. റോഡിലുണ്ടായിരുന്ന പോലിസ് ജീപ്പിനുനേരെ ഓടിയടുത്തെങ്കിലും പിന്തിരിഞ്ഞു. ഹര്‍ത്താലായതു കാരണം സമീപപ്രദേശങ്ങളില്‍നിന്ന് ജനക്കൂട്ടം കൂട്ടത്തോടെ എത്തിയത് ആനയെ തുരത്തുന്നതിനു അധികൃതര്‍ക്ക് പ്രയാസമുണ്ടാക്കി. ഉച്ചയ്ക്ക് ഒന്നോടെ ഹാജിറോഡ്-അയ്യപ്പന്‍കാവ് റോഡിലിറങ്ങിയ ആന വനംവകുപ്പിലെ രണ്ട് വാച്ചര്‍മാര്‍ക്കുനേരെ പാഞ്ഞടുത്തു. ഇതിനിടെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്കെടുത്ത് ഡ്രൈവര്‍ ഇവരെ രണ്ടുപേരെയും കാഴ്ചയില്‍നിന്ന് അകറ്റിയതു കാരണം വന്‍ ദുരന്തം ഒഴിവാക്കാനായി. എന്നാല്‍ വാച്ചര്‍മാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പിനോട് തീര്‍ത്തു. കൊമ്പുകൊണ്ടു ജീപ്പില്‍ ആഞ്ഞുകുത്തുകയും തിരിച്ചിടുകയും ചെയ്ത ശേഷം മാറിപ്പോവുകയായിരുന്നു. പിന്നീട് ചാക്കാട്ടെ ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന പിന്നെ തന്റെ അരിശം തീര്‍ത്തത് മമ്മാലി റിജേഷിന്റെ പശുവിനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആനയുടെ കുത്തേറ്റ് പശുവിന്റെ കുടല്‍ പിളരുകയും കുടല്‍മാല പുറത്താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ആറളം ഫാമില്‍നിന്ന് തുരത്തിയ കാട്ടാനകളില്‍നിന്ന് കൂട്ടംതെറ്റി എത്തിയ ആനയാണിതെന്ന് സംശയിക്കുന്നു. ഇതിനു മുമ്പും നിരവധി തവണ മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രണ്ടുമാസം മുമ്പ് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തു വരെ എത്തിയ ആന ബൈക്ക് യാത്രികനെ ആക്രമിക്കുകയുണ്ടായി. ആറളം വനത്തില്‍നിന്ന് ഫാമിലൂടെയാണ് കാട്ടാനകള്‍ എത്തുന്നത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ആറളം ഫാമിനെയും വനമേഖലയെയും വേര്‍തിരിക്കുന്ന ആനമതില്‍ നിരവധി സ്ഥലങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഇതാണ് ആനകള്‍ ഫാമിലും ജനവാസ കേന്ദ്രത്തിലും ഇറങ്ങാന്‍ കാരണം. സ്ഥലത്തെത്തിയ ഡിഎഫ്ഒ സുനില്‍ പാമിഡി വനപാലകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി കെ അനൂപ് കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ വി ജയപ്രകാശ്, ഫഌയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ പി പ്രസാദ്, വെറ്ററിനറി ഡോക്ടര്‍ അരുണ്‍ എന്നിവരുള്‍പ്പെട്ട വനം വകുപ്പ് അധികൃതരും, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ അനില്‍കുമാര്‍, മുഴക്കുന്ന് എസ്‌ഐ വിജേഷ്, വനിതാ എസ്‌ഐ ശ്യാമള, എസ്‌ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. രാത്രിയോടെ ആനയെ വനത്തിലേക്ക് തുരത്താനാണ് തീരുമാനം.

RELATED STORIES

Share it
Top