മുഴക്കുന്നില്‍ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായി. വെള്ളിയാഴ്ച രാത്രി പാലപ്പുഴ, കൂടലാട് മേഖലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ വാഴ , തെങ്ങ്, പ്ലാവ് മുതലായ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
കൂടലാട്ടെ പെരുന്തേന്‍ മൂസയുടെ വാഴത്തോട്ടത്തിലെ 50ഓളം വാഴകള്‍ നശിപ്പിച്ച ആനകള്‍  വീട്ടുപറമ്പിലെ കൂറ്റന്‍ പ്ലാവും തെങ്ങും കുത്തിമറിച്ചിട്ടു. ആറളം-മണത്തണ മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമായാണ് മൂസയുടെ കൃഷിയിടം.
ആദ്യം വാഴകള്‍ നശിപ്പിച്ച ശേഷം റോഡ് മുറിച്ചുകടന്ന് പുരയിടത്തില്‍ എത്തിയാണ് തെങ്ങും പ്ലാവും നശിപ്പിച്ചത്. ആറളം ഫാമില്‍നിന്ന് പുഴ കടന്നാണ് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ കാട്ടാനകള്‍ മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി.
ഒരുതവണ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനു സമീപം വരെ എത്തിയ ആനകള്‍ രണ്ടുപേരെ ആക്രമിച്ചിരുന്നു. കാട്ടാനയെ പേടിച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാതെ കഴിയുകയാണ് ജനങ്ങള്‍. എന്നാല്‍, കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top