മുള്ളന്‍കൊല്ലിയിലെ മാലിന്യനിക്ഷേപംനാലാം പ്രതി അറസ്റ്റില്‍; സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനു കേസ്

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി മജ്ജണ്ടയില്‍ ജനവാസ മേഖലയില്‍ കോഴി മാലിന്യമടക്കമുള്ളവ നിക്ഷേപിച്ച കേസിലെ നാലാംപ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ കൂടിയായ പട്ടാണിക്കൂപ്പ് തെറ്റുതുരുത്തേല്‍ ബിജു (ബിജിഷ് മാത്യു)വിനെയാണ് പുല്‍പ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പ്രദേശവാസിയായ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിന്മേല്‍ ഇന്നലെ ഇയാള്‍ക്കെതിരേ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തിലെ 1, 2, 3 പ്രതികളായ സ്ഥലമുടമ പറവൂര്‍ ചക്കിയത്ത് വര്‍ഗീസ്, നോട്ടക്കാരന്‍ പാസ്റ്റര്‍ ബാബു, പെരിക്കല്ലൂര്‍ മാമ്പള്ളി അനീഷ് എന്നിവരെ പിടികിട്ടാനുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്നെത്തിച്ച കോഴിമാലിന്യമാണ് വര്‍ഗീസിന്റെ റബര്‍ തോട്ടത്തില്‍ വലിയ കുഴികളെടുത്ത് മൂടിയത്. തുടര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പോലിസ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് സ്ഥലമുടമയെ ഒന്നാം പ്രതിയാക്കിയും മറ്റുള്ളവരെ തുടര്‍പ്രതികളാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നാംപ്രതി വര്‍ഗീസ് വിദേശത്താണ്. സംഭവത്തില്‍ പോലിസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറുന്നുവെന്നാരോപിച്ച് പ്രദേശവാസികള്‍ പരസ്യ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ സമരക്കാരായ സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയും പുല്‍പ്പള്ളി പോലിസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്.

RELATED STORIES

Share it
Top