മുളങ്കുന്നത്ത്കാവില്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലാബ്: 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി 24 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഒരു അനലിസ്റ്റ് ഗ്രേഡ്1, 3 അനലിസ്റ്റ് ഗ്രേഡ്2, 9 അനലിസ്റ്റ് ഗ്രേഡ്3, 3 ടെക്‌നിക്കല്‍ അസിസ്റ്റന്റ്, 3 ലോവര്‍ ഡിവിഷന്‍ ടെക്‌നീഷ്യന്‍, 3 ലബോറട്ടറി അറ്റന്റര്‍, 2 ക്ലാര്‍ക്ക് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഇതുകൂടാതെ ഓഫീസ് അറ്റന്റഡര്‍, വാച്ച്മാന്‍, സ്വീപ്പര്‍ എന്നിവരേയും നിയമിക്കുന്നതാണ്.ഔഷധങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൂന്നാമതൊരു ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തൃശൂര്‍ മുളങ്കുന്നത്ത്കാവില്‍ 16,300 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഡ്രഗ് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുന്നത്.
ഈ ലാബില്‍ ആയുര്‍വേദ ഔഷധങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ സാധിക്കുന്നതാണ്. അത്യാധുനിക സംവിധാനത്തോടെ ലാബ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി 3 കോടി രൂപയാണ് അനുവദിച്ചത്. എത്രയുംവേഗം ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് പരിശോധനയ്ക്ക് വിധേയമാകുന്ന മരുന്നുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതിലൂടെ മരുന്നുകളുടെ ഗുണമേന്മ ഉറപ്പു വരുത്താനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബുകളുള്ളത്. ലാബുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് വളരെ പ്രാധാന്യമാണ് നല്‍കിയിരുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ രണ്ട് ലാബുകള്‍ക്കും എന്‍. എ.ബി.എല്‍. അംഗീകാരം ലഭിച്ചത്.

RELATED STORIES

Share it
Top