മുളകുപൊടി വിതറി വീട്ടമ്മയുടെമാല പറിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

എരുമേലി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തില്‍ നിന്ന് സ്വര്‍ണത്താലി പറിക്കാന്‍ ശ്രമിച്ച യുവാവിനെ പോലിസ് മണിക്കൂറുകള്‍ക്കകം വിദഗ്ദമായി പിടികൂടി. കൂവപ്പളളി മണ്ണാറക്കയം അഞ്ചലിപ്പ കോളനിയില്‍ നിര്‍മലാ ഭവനില്‍ രജ്ഞിത്ത് രാജു (26) ആണ് അറസ്റ്റിലായത്. മണിമല കറിക്കാട്ടൂര്‍ കോലെഴുത്ത് കലുങ്ക് ഭാഗത്ത് കുളപ്പുരയ്ക്കല്‍ രാജേഷിന്റെ ഭാര്യ സുലേഖയുടെ മാലയാണ് അപഹരിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സുലേഖയുടെ കടയില്‍ സാധനം വാങ്ങിയ ശേഷം ബാക്കി തുക വാങ്ങുന്നതിനിടെയാണ് മുളകുപൊടി കണ്ണില്‍ വിതറി മാല പറിക്കാന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെപ്പറ്റി തെളിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം മേഖലയിലെ സിസി ടിവി കാമറകള്‍ പരിശോധിച്ചതില്‍ സംശയകരമായി കണ്ട വാഹനങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെട്ടെന്ന് ധനവാനാകാനാണു മോഷണത്തിനിറങ്ങിയതെന്നു മൊഴി നല്‍കിയ പ്രതി മറ്റ് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞയിടെ എരുമേലിയിലും സമാനമായ സംഭവം നടന്നിരുന്നു. ഇതു സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്യുമെന്നു പോലിസ് പറഞ്ഞു. എസ്പി മുഹമ്മദ് റെഫീഖിന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റെ മേല്‍നോട്ടത്തില്‍ മണിമല സിഐ ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മണിമല എസ്‌ഐ പി എസ് വിനോദ്, അഡീഷനല്‍ എസ്‌ഐ എന്‍ സി സണ്ണി, എഎസ്‌ഐ അനില്‍ കുമാര്‍, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സുധന്‍, മുഹമ്മദ് ഭൂട്ടോ, ആന്റി ഗുണ്ടാ സ്‌ക്വാഡംഗം കെ എസ് അഭിലാഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top