മുളകുപൊടിയെറിഞ്ഞ് പോലിസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

പനമരം: മുളകുപൊടിയെറിഞ്ഞ ശേഷം പോലിസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. ചെക്ക് കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയായ പനമരം മാതോത്ത്‌പൊയില്‍ കോളനിയിലെ ബാബുവാണ് രക്ഷപ്പെട്ടത്. വാറണ്ട് പ്രതിയായ ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ബാബുവും അനുജന്‍ രാജനും കൂടി പോലിസ് സംഘത്തെ മുളകുപൊടിയെറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. പനമരം പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ അജിത് കുമാര്‍, എസ്‌സിപിഒ മെര്‍വിന്‍, ഹോംഗാര്‍ഡ് ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 2010ല്‍ ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച വ്യക്തിയായിരുന്നു ബാബു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് ഏഴുവര്‍ഷത്തോളം കര്‍ണാടകയിലെ കുടകിലും മറ്റും ജോലിചെയ്തുവരികയായിരുന്നു. പലതവണ പോലിസ് അന്വേഷിച്ചെ ങ്കിലും പിടിയിലകപ്പെടാതെ മുങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോളനിയിലുണ്ടെന്നറിഞ്ഞ പോലിസ് സംഘം അര്‍ധരാത്രിയോടെ കോളനിയിലെത്തി. വീട് പണി നടക്കുന്നതിനാല്‍ ഷെഡിലായിരുന്ന ബാബു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ എസ്‌ഐ അജിത്തും എസ്‌സിപിഒ അജിത്തും ഹോംഗാര്‍ഡ് ജോയിയും ചേര്‍ന്ന് പിടികൂടി. ബാബു കുതറിയോടാന്‍ ശ്രമിച്ചൂവെങ്കിലും പോലിസ് വിട്ടില്ല. ഈ സമയത്താണ് പ്രതിയുടെ അനുജന്‍ രാജന്‍ പുറത്തേക്ക് ഓടിവന്ന് ആക്രമിച്ചതെന്നു പോലിസ് പറയുന്നു. മുളകുപൊടിയും മണ്ണും കൂട്ടിചേര്‍ത്ത മിശ്രിതം ഹോം ഗാര്‍ഡിന്റെ കണ്ണില്‍ തേക്കുകയും ഉദ്യോഗസ്ഥരുടെ നേരെ എറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പോലിസിനെ തള്ളി മറിച്ചിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, രാജനെ പോലിസ് ബലം പ്രയോഗിച്ച് കീഴടക്കി. ഈ അവസരം നോക്കി ബാബു രക്ഷപ്പെടുകയായിരുന്നു. പോലിസ് അറസ്റ്റ് ചെയ്ത രാജനെ കോടതിയില്‍ ഹാജരാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

RELATED STORIES

Share it
Top