മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട: മുഖ്യമന്ത്രി

mullaperiyar2

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വൈകാരികമായ നിലപാടല്ല വേണ്ടതെന്നും പ്രശ്‌നങ്ങള്‍ തമിഴ്‌നാടുമായി ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡാം ഉടന്‍ തകരുമെന്ന പ്രചാരണമുണ്ടായിരുന്നു. അതില്‍ വസ്തുതയില്ലെന്നും ഡാം ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്‌തെന്നുമാണ് ഇതുസംബന്ധിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ നിലപാട്. എന്നാല്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വികാരംകൊള്ളുന്നതു ഗുണംചെയ്യില്ല. പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ പഴയ അണക്കെട്ട് എന്തുചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ തിരിച്ചടിയാവും. കേരളത്തോടൊപ്പം ഈ പദ്ധതി തുടങ്ങിയ സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അപാകതയില്ല. ദേശീയപാത 45 മീറ്റര്‍ എന്നാണു നിലപാട്. ടോള്‍ പൂര്‍ണമായും ഒഴിവാക്കണം. രണ്ടു പദ്ധതികളിലും ഭൂമി ഏറ്റെടുക്കലില്‍ പ്രശ്‌നങ്ങളുണ്ട്. അതിനു പരിഹാരം കാണുകയാണു വഴി. പരിസ്ഥിതിക്കു കോട്ടംതട്ടാത്ത വികസനം വേണം. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന തങ്ങള്‍ സഹായം തേടുന്നതില്‍ അപാകതയില്ല. ഇതു യാചനയല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top