മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ സമിതികള്‍ വേണം

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി മൂന്നു പ്രത്യേക ദുരന്തനിവാരണ സമിതികള്‍ക്കു രൂപംനല്‍കണമെന്ന് സുപ്രിംകോടതി. കേരളം, തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും രൂപീകരിക്കുന്ന ഈ സമിതികള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണു നടപടിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ഡാമിന്റെ ആയുസ് എത്രയാണെന്ന് പറയാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 2014 മെയ് മാസം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഒരു കമ്മിറ്റിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, വെറും 50 വര്‍ഷത്തേക്കു വേണ്ടി നിര്‍മിച്ച അണക്കെട്ടിന് 122 വര്‍ഷത്തെ പഴക്കമുണ്ടെന്നും ജനങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മനോജ് ജോര്‍ജ് കോടതിയെ ബോധിപ്പിച്ചു. ഭോപാല്‍ വാതക ദുരന്തവും ഓഖി ചുഴലിക്കാറ്റ് ദുരന്തവും എന്തായിരുന്നുവെന്ന് നമുക്ക് മനസ്സിലായതാണ്. അതിനാല്‍, ദയവുചെയ്ത് അടിയന്തരമായി പദ്ധതി തയ്യാറാക്കണമെന്നും അതിനായി അണക്കെട്ട് തകരുന്നതുവരെ കാത്തിരിക്കരുതെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഹരജിക്കാരുടെ ഈ വാദം അംഗീകരിച്ച കോടതി, കനത്ത മഴമൂലം വെള്ളം പുറത്തുവന്നാല്‍ ഏതുതരത്തിലുള്ള ദുരന്തനിവാരണമാണ് എടുക്കുക എന്നും അതിനാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക പദ്ധതിവേണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

RELATED STORIES

Share it
Top