മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്തം- തമിഴ്‌നാട്

എ  അബ്ദുല്‍ സമദ്

കുമളി: ഇത്തവണയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിക്കുമെന്നും താഴ്‌വരയിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും ഉപസമിതിയില്‍ തമിഴ്‌നാടിന്റെ വാദം. ഇന്നലെ കുമളിയില്‍ ചേര്‍ന്ന അഞ്ചംഗ ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളിയത്.
മഴ ശക്തമായി തുടരുന്നതിനാല്‍ അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ടെന്നും അതിനാല്‍ പരമാവധി ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അണക്കെട്ടില്‍ 142 അടി വരെ ജലനിരപ്പുയര്‍ത്താന്‍ സുപ്രിംകോടതിയുടെ അനുമതിയുണ്ടെന്ന് തമിഴ്‌നാട് വാദിച്ചു. മാത്രമല്ല, ജനങ്ങളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും തമിഴ്‌നാട് അറിയിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് അണക്കെട്ടിലെ പരിശോധനകള്‍ ആരംഭിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അണക്കെട്ടിലെ 13 ഷട്ടറുകളില്‍ 3, 6, 8, 10 ഷട്ടറുകള്‍ ഉയര്‍ത്തി പ്രവര്‍ത്തനക്ഷമതയും പരിശോധിച്ചു.
മൂന്നരയോടെ ഉപസമിതി കുമളിയിലെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഓഫിസില്‍ യോഗം ചേര്‍ന്നപ്പോഴാണ് താഴ്‌വരയിലെ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാന്‍ തയ്യാറാവാത്ത നിലപാട് തമിഴ്‌നാട് സ്വീകരിച്ചത്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നാല്‍ പാലിക്കേണ്ട ഷട്ടര്‍ ഓപറേറ്റിങ് മാന്വല്‍ ഇതുവരെയും തമിഴ്‌നാട് കേരളത്തിനു നല്‍കിയിട്ടില്ല.
തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാട് മേല്‍നോട്ട സമിതിയെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

RELATED STORIES

Share it
Top