മുല്ലപ്പൂവിപ്ലവം സാഹിത്യത്തിലും

കെ.എം. അക്ബര്‍
2015 സപ്തംബര്‍ 25. സമയം വൈകീട്ട് 6.51. ശ്രീദേവി എസ്. കര്‍ത്ത തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'നാളെ എന്റെ പുസ്തകപ്രകാശനം. വേദിയില്‍ കയറാന്‍ എനിക്കു വിലക്ക്- വിശിഷ്ട അതിഥിയായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അവസാന പുസ്തകമായ '"Transcendence My Spiritual Experience with Pramukh Swamiji' മലയാളത്തിലേക്ക് 'കാലാതീതം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ഞാനാണ്. പ്രസാധകരായ കറന്റ് ബുക്‌സ്, തൃശൂര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഞാന്‍ ഈ കൃതി മൊഴിമാറ്റം ചെയ്തു പറഞ്ഞ സമയത്തിനു മുമ്പ് അവരെ ഏല്‍പ്പിച്ചത്. നാളെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് അതിന്റെ പ്രകാശനകര്‍മം നടക്കുകയാണ്. എം.ടി. വാസുദേവന്‍ നായരും അബ്ദുല്‍ കലാമിന്റെ സഹഎഴുത്തുകാരന്‍ അരുണ്‍ തിവാരിയും അബ്ദുല്‍ കലാമിന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജിയും പ്രധാന അതിഥികളാവുന്ന ഈ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍, 2 ലക്ഷം കോപ്പി വില്‍ക്കപ്പെടും എന്ന് പ്രസാധകര്‍ കരുതുന്ന ഈ പുസ്തകം വിവര്‍ത്തനം ചെയ്ത എന്നോട് കറന്റ് ബുക്‌സ്, തൃശൂര്‍ ആവശ്യപ്പെട്ടിരിക്കുന്നു'.

തൃശൂരില്‍ അന്ന് സംഭവിച്ചതെന്ത്?
ഈ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റാണ് സാംസ്‌കാരികതലസ്ഥാനത്തെ പിറ്റേ ദിവസം ഇളക്കിമറിച്ചത്. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശ്രീദേവി എസ്. കര്‍ത്തയെ ഇതുവരെ വായിച്ചിട്ടില്ലാത്ത ആയിരക്കണക്കിനാളുകള്‍ ആ പോസ്റ്റിന് ലൈക്കും ഷെയറും നല്‍കി പിന്തുണ അറിയിച്ചു. പ്രകാശന ചടങ്ങില്‍നിന്നു വിവര്‍ത്തകയെ ഒഴിവാക്കിയ നടപടിക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്നു. ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ലെന്നും അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ മുമ്പിലുള്ള മൂന്നു വരി സീറ്റ് ശൂന്യമായി ഇടണമെന്നും അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായിവൃന്ദത്തിനു മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂവെന്നും പ്രസാധകര്‍ ഒരു സഹപ്രവര്‍ത്തകന്‍ വഴി തന്നെ അറിയിച്ചതായും ശ്രീദേവിയുടെ പോസ്റ്റിലുണ്ടായിരുന്നു. തൃശൂരിലെ കറന്റ് ബുക്‌സ് ഇന്നും ഇന്നലെയും തുടങ്ങിയ സ്ഥാപനമല്ല. പ്രശസ്ത വിദ്യാഭ്യാസവിചക്ഷണനായ പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകന്‍ തോമസ് മുണ്ടശ്ശേരി 1952ല്‍ തുടങ്ങിയ പ്രസാധനാലയമാണ്. എം.ടി. വാസുദേവന്‍ നായര്‍, വി.കെ.എന്‍. തുടങ്ങി പല പ്രശസ്ത എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ചത് അവിടെ നിന്നാണ്. വി.കെ.എന്‍ന്റെ കഥാപാത്രമായ ഇട്ടൂപ്പ് മുതലാളിയുടെ മാതൃക തോമസ് മുണ്ടശ്ശേരിയാണെന്നാണ് കരുതപ്പെടുന്നത്. 1977ല്‍ തൃശൂരിലുള്ള ബ്രാഞ്ചൊഴികെ ഡി.സി. കിഴക്കേമുറിക്കു വില്‍ക്കുകയായിരുന്നു. തോമസ് മുണ്ടശ്ശേരിയുടെ വിയോഗത്തിനു ശേഷം പെപ്പിന്‍ തോമസാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോവുന്നത്.സംഭവം വിവാദമായതോടെ പരിഭാഷകരെ പ്രകാശനച്ചടങ്ങിലേക്കു വിളിക്കുന്ന പതിവില്ലെന്നായിരുന്നു പ്രസാധകരുടെ വിശദീകരണം. വേണമെങ്കില്‍ ശ്രീദേവിക്കു ചടങ്ങില്‍ പങ്കെടുക്കാമെന്നു പ്രസാധകര്‍ അറിയിച്ചുവെങ്കിലും പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാരില്‍പ്പെട്ട സ്ത്രീകള്‍ സദസ്സിനു മുന്നിലെ കസേരകള്‍ കൈയടക്കി മുദ്രാവാക്യം മുഴക്കി. ചടങ്ങിന് എത്തുമെന്നറിയിച്ച ബ്രഹ്മവിഹാരി ദാസ് സ്വാമി പങ്കെടുക്കില്ലെന്നു കറന്റ് ബുക്‌സ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ വേദിയും കൈയടക്കി. പക്ഷേ, പെണ്ണിനെ വിലക്കിയ വേദിയില്‍ പെണ്ണും ആണും ഒരുമിച്ച് പ്രതിഷേധിച്ചു. പ്രകാശനം നടത്തുമെന്ന് അറിയിച്ചിരുന്ന എം.ടി. വാസുദേവന്‍ നായര്‍ തൃശൂരിലുണ്ടായിരുന്നെങ്കിലും പരിപാടിക്ക് എത്തിയില്ല. പുസ്തകം ഏറ്റുവാങ്ങാന്‍ സാറാ ജോസഫ് എത്തിയതോടെ പ്രതിഷേധം അവര്‍ക്കെതിരേയായി. 'ഗോ ബാക്ക്' വിളികള്‍ ഉയര്‍ന്നു. ഇതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമും അദ്ദേഹത്തിന്റെ സന്തത സഹചാരിയുമായിരുന്ന അരുണ്‍ തിവാരിയും ചേര്‍ന്നാണ് പുസ്തകമെഴുതിയത്. പുസ്തകത്തിന്റെ വിവര്‍ത്തനത്തെ കുറിച്ച് വാചാലനായ അരുണ്‍ തിവാരി ഇത് മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്ക് പകര്‍ത്തിയതാണോ എന്നു പോലും സംശയിച്ചേക്കാം എന്നായിരുന്നു തൃശൂരിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. അത്രയും ഗംഭീരമായി പുസ്തകം വിവര്‍ത്തനം ചെയ്ത ആളെ എന്തുകൊണ്ട് പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന സ്വാഭാവികസംശയത്തിന്റെ മറുപടിയായിരുന്നു ശ്രീദേവി എസ്. കര്‍ത്തയുടെ പോസ്റ്റ്. എന്നാല്‍, യഥാര്‍ഥ പ്രതിഷേധം ആ പോസ്റ്റിലൂടെ ആയിരുന്നു തുടങ്ങിയത്.എഴുത്തിനെ കാവിവല്‍ക്കരിച്ച് ഇന്ത്യയെ സാംസ്‌കാരികവും കായികവുമായ ഫാഷിസത്തിന്റെ കാല്‍ചുവട്ടിലാക്കാന്‍ നാളുകളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയ്‌ക്കെതിരേ സാംസ്‌കാരികരംഗത്തു നിന്നും ശബ്ദമുയര്‍ന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സാംസ്‌കാരിക ഫാഷിസത്തെ അംഗീകരിക്കുന്നവരായി നമ്മുടെ മുതിര്‍ന്ന എഴുത്തുകാര്‍ മാറിയിരിക്കുന്നതായി നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ആരോപിച്ചു. തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രതികരിക്കാതിരുന്നത് സാംസ്‌കാരിക ഫാഷിസത്തെ അംഗീകരിക്കുന്നതുകൊണ്ടാണെന്ന് സംശയിക്കേണ്ടതായും സ്ത്രീസമത്വത്തിനു വേണ്ടി വാദിച്ചിരുന്ന സാറാ ജോസഫിന്റെ മുഖംമൂടി ഈ സംഭവത്തോടുകൂടി അഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇന്റര്‍നെറ്റ്: പ്രതിഷേധത്തിന്റെ വേദി
സാഹിത്യ അക്കാദമിയില്‍ തുടങ്ങിയ പ്രതിഷേധത്തെ മറ്റൊരു തരത്തിലും കാണേണ്ടതുണ്ട്. തൃശൂരില്‍ കണ്ട പ്രതിഷേധം ഇന്റര്‍നെറ്റിന്റെ കൂടി സംഭാവനയായിരുന്നു. ശ്രീദേവി എസ്. കര്‍ത്ത തന്റെ ദുരനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് പ്രതിഷേധത്തിന്റെ ചുണ്ടനക്കങ്ങള്‍ ഉണ്ടായത്. പ്രതിഷേധങ്ങള്‍ പെരുകിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് തൃശൂരിലേക്കു കൂട്ടമായെത്താന്‍ ആഹ്വാനമുണ്ടായത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുകൂട്ടങ്ങള്‍ സാംസ്‌കാരികനഗരിയില്‍ മറ്റൊരു മുല്ലപ്പൂവിപ്ലവത്തിന് തുടക്കമിട്ടു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന കാവി അജണ്ടയ്ക്കു മറുപടി നല്‍കാന്‍ കേരളത്തിനു മാത്രമേ അത്രകണ്ടു കഴിയൂ എന്നും ഈ സംഭവം തെളിയിക്കുന്നു. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്റര്‍നെറ്റ് ബന്ധം നിശ്ചലമാക്കാന്‍ ഉത്തരവിട്ട സര്‍ക്കാരും പെരുന്നാള്‍ ദിവസം ജമ്മു -കശ്മീരില്‍ ആര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടെന്നു തീരുമാനിച്ച സര്‍ക്കാരും ഭരിക്കുന്ന ഇക്കാലത്ത് ഇന്റര്‍നെറ്റ് അടിയന്തരാവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ അര്‍ഥവും ഇതോടൊപ്പം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുസ്തകപ്രകാശനം മാറ്റിവയ്ക്കണം എന്നുദ്ദേശിച്ചില്ലായിരുന്നുവെന്ന് ശ്രീദേവി എസ്. കര്‍ത്ത പറയുന്നു. എന്നാല്‍, വളരെ പോസിറ്റീവ് ആയിട്ടാണ് സമൂഹം ഈ വിഷയത്തോടു പ്രതികരിച്ചത്. പ്രശ്‌നം സമൂഹം ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫേസ്ബുക്കിലൂടെ ആയിരക്കണക്കിന് പേരാണ് പിന്തുണ നല്‍കി രംഗത്തെത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ നാലിലധികം തവണ കറന്റ് ബുക്‌സ് അധികൃതര്‍ ക്ഷണിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. അപ്രതീക്ഷിതമായാണ് പങ്കെടുക്കേണ്ടതില്ലെന്ന് അറിയിപ്പു വന്നത്.

സംഭവം വിവാദമായതോടെ താന്‍ കള്ളം പറയുകയായിരുന്നുവെന്നായിരുന്നു പ്രസാധകരുടെ വാദം. എന്നാല്‍, കള്ളം പറയുന്നത് ആരാണെന്ന് തനിക്കും അവര്‍ക്കുമറിയാം. പറഞ്ഞകാര്യം ഇങ്ങനെ മാറ്റിപ്പറയുന്നതെന്തിനാണെന്ന് ശ്രീദേവി ചോദിക്കുന്നു. ഈ സംഭവത്തില്‍ ഒരു എഴുത്തുകാരിയെന്ന നിലയ്ക്കുണ്ടായ വ്യക്തിപരമായ അവഹേളനത്തേക്കാളുപരി നടുക്കിയത് അതില്‍ ഒളിഞ്ഞിരിക്കുന്ന അപായസൂചനകളാണെന്ന് ശ്രീദേവി പറയുന്നു. സര്‍ഗാത്മക എഴുത്തുകാരെയും വിവര്‍ത്തകരെയും രണ്ടു തട്ടിലാണ് വിലയിരുത്തുന്നതെന്ന് തോന്നിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ബോധ്യമായി അങ്ങനെയൊരു വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന്. പ്രസാധകര്‍ ഇങ്ങനെ ചിന്തിക്കുന്നത് അപമാനകരമാണ്. കാരണം എഴുത്തുകാരും അത് പരിഭാഷപ്പെടുത്തുന്നവരും ചെയ്യുന്നത് സര്‍ഗാത്മകപ്രവൃത്തിയാണ്. ലോക ക്ലാസിക്കുകള്‍ പലതും നമ്മള്‍ വായിച്ചത് വിവര്‍ത്തനത്തിലൂടെയായിരുന്നു. എന്നാല്‍, കച്ചവടത്തിനു വേണ്ടി എന്തും ചെയ്യാമെന്ന് കരുതുന്ന ഇത്തരം പ്രസാധകരുള്ള നമ്മുടെ നാട്ടില്‍ എഴുത്തിന്റെ പോക്ക് അപകടത്തിലേക്കാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പ്രസാധകരുടെ വിശദീകരണം
കാലാതീതം പ്രകാശനച്ചടങ്ങില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സന്ന്യാസിസമൂഹം അറിയിച്ചിട്ടില്ലെന്നായിരുന്നു കറന്റ് ബുക്‌സ് പബ്ലിക്കേഷന്‍സ് മാനേജര്‍ കെ.ജെ. ജോണിയുടെ പ്രതികരണം. സന്ന്യാസിമാര്‍ക്ക് സദസ്സില്‍ ആദ്യ നിരയില്‍ നിലത്തിരിക്കാന്‍ അവസരം ഒരുക്കണമെന്നാണ് നിര്‍ദേശം ഉണ്ടായിരുന്നത്. ചടങ്ങില്‍നിന്നു മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതില്‍ ശ്രീദേവി എസ്. കര്‍ത്തയ്ക്കു വിഷമമുണ്ടായതില്‍ ഖേദമുണ്ട്. എന്നാല്‍, ചടങ്ങില്‍ ശ്രീദേവിയെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം തെറ്റല്ലായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് പൂര്‍ത്തിയാക്കേണ്ടതിനാല്‍ പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിച്ച പലരെയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും കെ.ജെ. ജോണി വ്യക്തമാക്കി. അതേസമയം ചടങ്ങില്‍ സ്വാമിയെ മാറ്റി സ്ത്രീയെന്ന നിലയില്‍ തന്നെ ക്ഷണിച്ചതുകൊണ്ടാണ് പ്രകാശനത്തിനെത്തിയതെന്നായിരുന്നു സാറാജോസഫിന്റെ പ്രതികരണം. പുസ്തകപ്രകാശനം സംബന്ധിച്ച് ഉയര്‍ന്ന വിവാദം അനാവശ്യമായിരുന്നു. ഈ വിഷയത്തില്‍ കറന്റ് ബുക്‌സ് അധികൃതരെ അവിശ്വസിക്കേണ്ടതില്ല. ചടങ്ങില്‍ ഇരിപ്പിടം അനുവദിക്കാത്ത നടപടി ഫാഷിസമായിരുന്നു. സന്ന്യാസി സമൂഹത്തിലെ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീദേവി എസ്. കര്‍ത്തയെ വിലക്കിയതെങ്കില്‍ താന്‍ അവരോടൊപ്പം തന്നെയാണ്. അതിനാല്‍ സ്വാമിജിയുടെ ആശയങ്ങളോടാണ് പ്രതികരിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇനി ഇതേ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും കൂടുതല്‍ വിവാദമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും സാറാജോസഫ് പറഞ്ഞു.

വിവര്‍ത്തകര്‍ രണ്ടാം തരക്കാരോ?എന്നാല്‍, പ്രസാധകരിലധികവും എന്നും പരിഭാഷകരെ രണ്ടാം തരക്കാരായി തന്നെയാണ് കാണുന്നത്. വിറ്റുപോവുന്ന പുസ്തകകോപ്പികളില്‍ മാത്രം പ്രസാധകര്‍ കണ്ണുവയ്ക്കുമ്പോള്‍ വിവര്‍ത്തകര്‍ക്കു ലഭിക്കുന്നത് തുച്ഛമായ പ്രതിഫലമായിരിക്കും. അങ്ങനെ ചെയ്യുന്ന ഒരു പ്രവര്‍ത്തിയുടെ ഫലമായ ആ പുസ്തകം പ്രകാശിപ്പിക്കുന്ന വേദിയില്‍നിന്ന് ബഹിഷ്‌കൃതരാവുമ്പോള്‍ എത്രമാത്രം അപമാനിതരാവും അവര്‍? എന്നാല്‍, സ്ത്രീ ആയതുകൊണ്ടു മാത്രം അത് സംഭവിക്കുമ്പോള്‍ വേദന ഇരട്ടിക്കും. ക്ഷേത്രപ്രതിഷ്ഠ കഴിഞ്ഞാല്‍ ശില്പിക്ക് അമ്പലത്തില്‍ പ്രവേശനമില്ലെന്ന പ്രാകൃതാചാരത്തെ ഇതോര്‍മിപ്പിക്കുന്നു. കേരളത്തില്‍ ഇന്ന് വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലധികവും വിവര്‍ത്തനകൃതികളാണ്. ഇത്തരം വിവര്‍ത്തനകൃതികള്‍ കൊണ്ടു തന്നെയാണ് പ്രസാധകര്‍ നിലനില്‍ക്കുന്നതും. പ്രമുഖ എഴുത്തുകാര്‍ക്ക് അവര്‍ എഴുതാനിരിക്കുന്ന രചനകള്‍ക്ക് മുന്‍കൂട്ടി പണം നല്‍കി കരാറുറപ്പിക്കുന്ന പ്രസാധകര്‍ വിവര്‍ത്തകരോട് നീതി പുലര്‍ത്തുന്നില്ലെന്ന ആരോപണമുണ്ട്. വിവര്‍ത്തനം ചെയ്തു നല്‍കിയാല്‍ തന്നെ പ്രതിഫലം ലഭിക്കണമെങ്കില്‍ പുസ്തകം വിറ്റു തീരണമത്രേ. സ്ത്രീ തന്നെ വിവര്‍ത്തനമാണെന്ന ധാരണയാണ് ഇന്നു സമൂഹത്തിനുള്ളതെന്ന് വിവര്‍ത്തകനും എഴുത്തുകാരനുമായ എ.പി. കുഞ്ഞാമു പറയുന്നു. പുരുഷനെ മൗലികകൃതിയായും സ്ത്രീയെ വിവര്‍ത്തകകൃതിയായും അവര്‍ കാണുന്നു. തൃശൂരില്‍ നടന്ന സംഭവം ഇരുതല മൂര്‍ച്ചയുള്ള ആക്രമണമാണ്. വിവര്‍ത്തക കൃതികള്‍ക്ക് മലയാളത്തില്‍ വന്‍ മൂല്യമുണ്ടെന്നിരിക്കെ വിവര്‍ത്തകര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നതാണ് സത്യം. പ്രതിഫലത്തിന്റെ കാര്യത്തിലും അവര്‍ അവഗണിക്കപ്പെടുന്നു. എന്നാല്‍, മറ്റു രാജ്യങ്ങള്‍ എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ആധുനിക ജനതയാണ് എന്നഭിമാനിക്കുന്ന മലയാളിക്കു സ്വയം വിമര്‍ശനം നടത്താനുള്ള അവസരമാണിതെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പ്രതികരിച്ചു. മതേതരത്വത്തിനും മാനവിക മൂല്യങ്ങള്‍ക്കും ജനാധിപത്യബോധത്തിനും എതിരാണിത്. ജനാധിപത്യ വിരുദ്ധമാണിത്. തുടക്കത്തില്‍ തന്നെ ഇത്തരം പ്രവണതയ്‌ക്കെതിരേയുള്ള പ്രതികരണങ്ങള്‍ ആവശ്യമാണെന്നും കെ.ഇ.എന്‍. വ്യക്തമാക്കി. തൃശൂരില്‍ നടന്ന സംഭവം പ്രാദേശികമായ ഒന്നല്ല. പുറം ലോകത്തേക്കുള്ള സ്ത്രീയുടെ വാതിലുകള്‍ കൊട്ടിയടക്കണമെന്നാണ് ഇതിന്റെ സൂചന. സ്ത്രീകള്‍ക്ക് മാത്രമല്ല, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ആര്‍ക്കും ഞെട്ടലോടെ മാത്രമേ ഇത് ഉള്‍ക്കൊള്ളാനാവൂ. ഇത്തരം ചെറുത്തുനില്‍പ്പുകള്‍ രാജ്യത്തിനാകെ ഊര്‍ജ്ജമാകേണ്ടതുണ്ട്. അല്ലെങ്കില്‍ ആവേശം പകരുന്ന തുടക്കമാകേണ്ടതുണ്ട്. ഈ അസമത്വത്തിനെതിരേ പ്രതികരിക്കാന്‍ പൊതുസമൂഹവും തയ്യാറാവേണ്ടിയിരിക്കുന്നു.

RELATED STORIES

Share it
Top