മുലയൂട്ടല്‍ കവര്‍ചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതികൊച്ചി: വ്യക്തികള്‍ക്കനുസരിച്ച് മാറുന്നതാണ് അശ്ലീലം സംബന്ധിച്ച കാഴ്ചപ്പാടുകളെന്ന് ഹൈക്കോടതി. ഒരാള്‍ക്ക് അശ്ലീലമെന്നു തോന്നുന്ന ദൃശ്യം മറ്റൊരാള്‍ക്ക് കലാപരമായി തോന്നാമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. പ്രമുഖ മലയാള വനിതാ മാഗസിന്റെ കവര്‍ പേജില്‍ മുലയൂട്ടുന്ന ചിത്രം അച്ചടിച്ചതിനെതിരെ എം എ ഫെലിക്‌സ്  നല്‍കിയ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീയെ മോശമായി ചിത്രീകരിച്ച കവര്‍പേജ് പുറത്തിറക്കിയതിനെതിരെ മാഗസിന്റെ പ്രസാധര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍, ചിത്രത്തില്‍ അശ്ലീലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
സൗന്ദര്യം കാണുന്നയാളിന്റെ കണ്ണിലാണെന്നതുപോലെ അശ്ലീലം നോക്കുന്നയാളിന്റെ കണ്ണിലാണെന്ന് കോടതി പറഞ്ഞു. ഇത്തരം ചിന്ത വ്യക്ത്യാധിഷ്ഠിതമാണ്. ചിത്രത്തിലോ അതിന്റെ അടിക്കുറിപ്പിലോ അപാകതയില്ല. സാഹിത്യമായാലും ദൃശ്യ കലയായാലും ശരീര സൗന്ദര്യത്തെ ആഘോഷിക്കുന്ന ചരിത്രമാണ് ഇന്ത്യന്‍ കലാ ലോകത്തിനുള്ളതെന്ന് ചരിത്രകാരനായ വില്യം ദെല്‍ റിംപിള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അജന്തയിലെ സൃഷ്ടികളിലും ഇതു കാണാന്‍ കഴിയും. പുരോഗതിയുടെ പാതയിലുള്ള നവ സമൂഹത്തെ ഭൂതകാലത്തിലേക്ക് പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നത് ഉചിതമല്ല. രാജ രവിവര്‍മ്മയുടെ ചിത്രങ്ങളെന്നപോലെയാണ് വിവാദ ചിത്രത്തെ കോടതി കണ്ടതെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top