മുറ്റത്തെ മുല്ല പദ്ധതി സ്വാഗതാര്‍ഹം

വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് കേരള സര്‍ക്കാര്‍ ഒരു കാര്‍ഷിക കടാശ്വാസ കമ്മീഷനെ നിയമിക്കുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും കാര്‍ഷിക മേഖലയില്‍ കടുത്ത ദുരിതങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവന്ന കാലമായിരുന്നു അത്. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ കടക്കെണിയില്‍പ്പെട്ട് ഉഴലുന്ന മനുഷ്യര്‍ ജീവനൊടുക്കുന്ന ഭീകരമായ അനുഭവങ്ങളെ മുന്‍നിര്‍ത്തി, എന്താണ് അവരെ പ്രതിസന്ധിയിലേക്കു നയിച്ചത് എന്നു കണ്ടെത്തുകയായിരുന്നു കടാശ്വാസ കമ്മീഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്.
ഏറ്റവുമധികം ആത്മഹത്യകള്‍ നടന്ന വയനാട്ടില്‍ കമ്മീഷന്‍ സിറ്റിങ് നടത്തിയ വേളയില്‍ ഈ പത്രം ദിവസങ്ങളോളം കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണസമയം നിരീക്ഷിക്കുകയുണ്ടായി. കുടുംബനാഥന്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളാണ് അന്ന് കമ്മീഷന്റെ മുന്നില്‍ തങ്ങളുടെ സങ്കടഹരജികളുമായി വന്നത്. അഗതികളായിപ്പോയ അത്തരം നിരവധി കുടുംബങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പഠിക്കാനായി പിന്നീട് വയനാട്ടിലും കോഴിക്കോട്ടുമുള്ള വിവിധ ഗ്രാമങ്ങളില്‍ ചെന്ന് ഈ കുടുംബങ്ങളില്‍ പലതിന്റെയും അവസ്ഥ നേരിട്ടു മനസ്സിലാക്കാന്‍ അന്ന് തേജസ് ശ്രമം നടത്തിയിരുന്നു.
അതില്‍ കണ്ടെത്തിയ പല വസ്തുതകളില്‍ ഒന്ന്, പല കുടുംബങ്ങളും വലിയ കടക്കെണിയിലേക്ക് എത്തിപ്പെട്ടത് വളരെ ചെറിയ തുകകള്‍ കടം വാങ്ങി തിരിച്ചടയ്ക്കാനാവാതെ പിഴയും കൊള്ളപ്പിഴയുമായി വന്‍ ബാധ്യത വന്നുചേര്‍ന്നതോടെയാണെന്നാണ്. നാട്ടിലെ വട്ടിപ്പലിശക്കാര്‍ മുതല്‍ ഗ്രാമീണ സഹകരണ ബാങ്കുകളും ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ബാങ്കുകളും അടക്കം പല സ്രോതസ്സുകളില്‍ നിന്നും പണം പലിശയ്ക്കു വാങ്ങി കുഴപ്പത്തില്‍ ചെന്നു ചാടിയവരായിരുന്നു കുടുംബങ്ങളില്‍ അധികവും. വെറും 25,000 രൂപയും 50,000 രൂപയും പോലും തിരിച്ചടയ്ക്കാനാവാതെ ജീവിതം ഹോമിച്ചവരുടെ കദനകഥകള്‍ അന്നു കണ്ടെത്താന്‍ കഴിഞ്ഞു.
അത്തരം പ്രതിസന്ധികള്‍ ഒരു പതിറ്റാണ്ടിനു ശേഷം ഇന്നും കേരളത്തിലെ ഗ്രാമീണ മേഖലയില്‍ തുടരുകയാണ്. അന്നെന്നപോലെ ഇന്നും കൃഷിനഷ്ടവും ആഗോള കമ്പോളത്തിലെ വിലയുടെ ഏറ്റക്കുറച്ചിലുകളും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാര്‍ഷികാവശ്യത്തിനും കുടുംബാവശ്യത്തിനും ചെറിയ തുകകള്‍ കടം വാങ്ങി തിരിച്ചടയ്ക്കാനാവാതെ മഹാദുരിതത്തില്‍ ചെന്നുപെടുന്നവരുമുണ്ട്.
അവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പുതിയ ശ്രമം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല പരിപാടി തീര്‍ത്തും സ്വാഗതാര്‍ഹം തന്നെയാണ്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിയില്‍ 25,000 വരെയുള്ള ചെറിയ തുകകള്‍ കുറഞ്ഞ പലിശയ്ക്ക് ആവശ്യക്കാര്‍ക്കു നല്‍കുകയാണ്. വട്ടിപ്പലിശക്കാരുടെ നീരാളിപ്പിടിത്തത്തില്‍ പെട്ടുപോയവര്‍ക്ക് അതില്‍ നിന്ന് വിടുതല്‍ നേടിയെടുക്കാനും ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാണ്.
നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം അത്യാവശ്യമായ കാര്യങ്ങള്‍ക്ക് പരിമിതമായ തുക പോലും കണ്ടെത്താനാവാത്ത അവസ്ഥയാണ്. സഹകരണ ബാങ്കുകള്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായമായി വരുന്നില്ല എന്നതാണ് അനുഭവം. കുടുംബശ്രീ യൂനിറ്റുകള്‍ വഴിയുള്ള പുതിയ സംരംഭം സാധാരണക്കാര്‍ക്ക് ആശ്വാസം എത്തിക്കുമെന്നു പ്രതീക്ഷിക്കുക.

RELATED STORIES

Share it
Top