മുറ്റത്തെ മുല്ല പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും വായ്പയെടുക്കാം

തൊടുപുഴ: സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതി വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍ ഉത്തരവ്. കൊള്ളപ്പലിശക്കാരില്‍ നിന്നും മറ്റും വായ്പയെടുത്ത് കടക്കെണിയിലായവരെ കുടുംബശ്രീയിലൂടെ കണ്ടെത്തി പ്രാഥമിക സഹകരണസംഘങ്ങളുടെ സഹകരണത്തോടെ ലഘുപലിശയില്‍ പണം നല്‍കി സഹായിക്കുന്നതാണ് മുറ്റത്തെ മുല്ല. എന്നാല്‍, പദ്ധതി നടപ്പാക്കുന്ന കുടുംബശ്രീ യൂനിറ്റംഗങ്ങള്‍ക്ക് വായ്പയെടുക്കുന്നതിനും മറ്റും പദ്ധതി തുക വിനിയോഗിക്കാന്‍ വ്യവസ്ഥയില്ലായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെയാണ് ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ പുതിയ ഉത്തരവിട്ടത്.
അത്യാവശ്യഘട്ടങ്ങളില്‍ വായ്പക്കാരുടെ ആവശ്യം പരിഗണിച്ച് അംഗങ്ങള്‍ക്ക് വായ്പ നല്‍കാവുന്നതാണെന്ന് സഹകരണ രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഈ വായ്പയുടെ തിരിച്ചടവ് കുടുംബശ്രീ യൂനിറ്റുകള്‍ ഉറപ്പുവരുത്തണം. അതിനായി പ്രാഥമിക സഹകരണസംഘവും കുടുംബശ്രീ യൂനിറ്റും വായ്പക്കാരനും ചേര്‍ന്ന് ത്രികക്ഷി സമ്മതപത്രം ഒപ്പിടേണ്ടതാണ്. ഇതില്‍ ഒന്നാംകക്ഷി പ്രാഥമിക സഹകരണ ബാങ്കും രണ്ടാംകക്ഷി കുടുംബശ്രീ അംഗവും മൂന്നാംകക്ഷി വായ്പക്കാരനുമായിരിക്കണം. കുടിശ്ശിക വരുത്തിയാല്‍ വായ്പക്കാരനും കുടുംബശ്രീ അംഗവും ഉത്തരവാദികളായിരിക്കും. മൂന്നാംകക്ഷിയില്‍ നിന്നു തുക വസൂലാക്കാന്‍ സംഘത്തിന് നിയമാനുസൃത നടപടി സ്വീകരിക്കാം. കുടിശ്ശിക വായ്പകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിച്ചാല്‍ ബന്ധപ്പെട്ട കുടുംബശ്രീ യൂനിറ്റിന്റെ കാഷ് ക്രെഡിറ്റ് വായ്പാപരിധി തുടര്‍വര്‍ഷങ്ങളില്‍ പുതുക്കിനല്‍കില്ലെന്നും ഉത്തരവില്‍ വിശദമാക്കുന്നു.
സംസ്ഥാനത്തെ കൊള്ളപ്പലിശക്കാരുടെയും ഇതര സംസ്ഥാനത്തെ വട്ടിപ്പലിശസംഘങ്ങളുടെയും സാമ്പത്തിക ചൂഷണത്തിനു വിധേയമാവുന്ന സാധാരണക്കാരെ സഹായിക്കുന്നതിനാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top