മുപ്പതു കോടിയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് : സെന്‍സായി മനോജ് പിടിയില്‍തൃശൂര്‍: മുപ്പതു കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിടികൂടി. തൃശൂര്‍ പൂങ്കുന്നം ഗൗതം അപ്പാര്‍ട്ടുമെന്റ്‌സില്‍ താമസിക്കുന്ന പടിയം കുറുവത്ത് വീട്ടില്‍ സെന്‍സായി മനോജ് എന്നറിയപ്പെടുന്ന മനോജ്(54)ആണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മുങ്ങുകയാണുണ്ടായത്. ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറിവിളിച്ചവര്‍ക്കും കുറി നറുക്ക് കിട്ടിയവര്‍ക്കും പണം കൊടുക്കാതെയാണ് ഇവര്‍ മുങ്ങിയത്.
പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ണര്‍മാരായ സജീവന്‍, തോമസ് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടു. വടക്കേഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. പോലിസ് പിന്നാലെയുള്ളതിനാല്‍ ഇയാള്‍ സ്ഥിരമായി ഒരിടത്തും തങ്ങിയില്ല. ഗാന്ധിനഗറിലെ കോബായിലുള്ള ശ്രീമദ് രാജ് ചന്ദ്ര അധ്യാത്മിക് സാധന എന്ന ജൈന ആശ്രമത്തിലെത്തിയ അന്വേഷണസംഘം മനോജിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസി ഇയാളെ തിരിച്ചറിയുകയും ഇയാളെ ആശ്രമത്തില്‍ കുറച്ചുകാലം കണ്ടെന്ന് പറയുകയും ചെയ്തു. ഇതെത്തുടര്‍ന്ന് അടുത്തുള്ള സന്യാസിമാര്‍ താമസിക്കുന്ന മഠങ്ങളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മനോജ് ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്.  അവിടെയെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ അഹമ്മദാബാദിലെ നിക്കോള്‍ എന്ന സ്ഥലത്തേക്ക് പോയെന്ന് മനസിലാക്കിയ അന്വേഷണസംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സന്യാസി വേഷത്തിലായിരുന്ന മനോജിനെ അന്വേഷണസംഘാംഗങ്ങള്‍ വേഷം മാറി ആശ്രമവാസികളെ പോലെ ചെന്നാണ് പിടികൂടിയത്.
നിക്ഷേപകരില്‍ നിന്നും സമാഹരിച്ച പണം കൊണ്ട് പാര്‍ട്ണര്‍മാരായ മൂന്നുപേരും കൂടി ശ്രീലങ്ക, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെന്ന് ആര്‍ഭാട ജീവിതം നയിച്ചതായും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഭൂമി വാങ്ങിച്ചുകൂട്ടിയതായും മനോജിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായി പോലിസ് പറഞ്ഞു.
ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ട്രേഡ് ലിങ്ക് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പരാതികളും 140ലധികം കേസുകളുമുണ്ട്. തൃശൂര്‍ റൂറല്‍ ജില്ല പോലിസ് മേധാവി എം കെ പുഷ്‌കരന്‍, തൃശൂര്‍ റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  ഫ്രാന്‍സിസ് ഷെല്‍ബി, റൂറല്‍ ജില്ല ഡിസിആര്‍ബി ഡിവൈഎസ്പി പി പ്രദീപ് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് എസ്‌ഐ എം പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുരേഷ് ബാബു, എം കെ അബൂബക്കര്‍, എഎസ്‌ഐ പി സി സുനില്‍, സിപിഒമാരായ സി ആര്‍ പ്രദീപ്, പി പി ജയകൃഷ്ണന്‍, സി എ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ രമേഷ്, ബിനു ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top