മുപ്പതിനായിരത്തോളം കര്‍ഷകരുടെ മഹാ സമരം; ചെങ്കടലായി മുംബൈ

മുംബൈ: കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാത്ത ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ  കിസാന്‍ സഭ നടത്തുന്ന 30,000 കര്‍ഷകരുടെ കാല്‍നട റാലി 180 കിലോമീറ്റര്‍ പിന്നിട്ട് മുംബൈയിലെത്തി. കാര്‍ഷിക കടം എഴുതിത്തള്ളുക, വനഭൂമി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ സഭയുടെ റാലി. ഇന്നു ദാദറില്‍ നിന്നു മുംബൈയിലേക്ക് പോകുന്ന കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കും.
അതിനു മുമ്പ് തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാക്കണം എന്നാണ് കര്‍ഷക സംഘം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി ഗിരീഷ് മഹാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എം എസ് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഉടനെ നടപ്പാക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെടുന്നു. ഇത് ന്യായമായ വേതനം ഉറപ്പാക്കും.
25,000 കര്‍ഷകരുമായാണ് തങ്ങള്‍ റാലി തുടങ്ങിയതെന്ന് കിസാന്‍ സഭ പ്രസിഡന്റ് അശോക് ധ്വാല പറഞ്ഞു. ഇന്നത്തെ റാലിയില്‍ കര്‍ഷകരുടെ എണ്ണം 50,000 ആയി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. 11 മണിക്കാണ് ഇന്നു റാലി ആരംഭിക്കുക. അതുകൊണ്ടുതന്നെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് റാലി പ്രശ്‌നം സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയെ ഇളക്കിമറിച്ച് മുന്നേറുന്ന കര്‍ഷക സമരം ഗതാഗത സംവിധാനം താറുമാറാക്കുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് മുംബൈയില്‍ ഗതാഗതം നിയന്ത്രിച്ചും വഴിതിരിച്ച് വിട്ടും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണ്. നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിര്‍ജലീകരണം മൂലം ആറു കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6നു നാസികില്‍ നിന്നാണ് ജാഥ ആരംഭിച്ചത്.  ഇവര്‍ ഒരുമിച്ച് മുംബൈ നഗരത്തില്‍ പ്രവേശിച്ചാല്‍ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പോലിസും അധികൃതരും.

RELATED STORIES

Share it
Top