മുന്‍ സിആര്‍പിഎഫ് ഐജിക്ക് കാനഡ പ്രവേശനം നിഷേധിച്ചുന്യൂഡല്‍ഹി: മുന്‍ സിആര്‍പിഎഫ് ഐജിക്ക് കാനഡയില്‍ പ്രവേശനം നിഷേധിച്ചു. 2010ല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കില്‍ വിരമിച്ച തേജീന്ദര്‍ സിങ് ധില്ലനാണ് കാനഡ സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചത്. ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധക്കുറ്റങ്ങളിലും പങ്കാളിയായ സര്‍ക്കാരിന്റെ സേവകനായിരുന്നു ധില്ലന്‍ എന്നാരോപിച്ചാണ് കാനഡയുടെ നടപടി. സിആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ധില്ലന് കാനഡ പ്രവേശനാനുമതി നിരസിച്ചത് അസ്വീകാര്യമാണെന്നും സംഭവത്തില്‍ കാനഡ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. കുടിയേറ്റ അഭയാര്‍ഥി സംരക്ഷണ നിയമമനുസരിച്ചാണ് കാനഡ സര്‍ക്കാരിന്റെ നടപടി. തേജീന്ദര്‍ സിങിന് കനേഡിയന്‍ സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ ഇന്ത്യയെ കുറിച്ചുള്ള വിമര്‍ശനം നീക്കംചെയ്തിട്ടുണ്ട്. 2010ല്‍ മൂന്ന് ബ്രിഗേഡിയര്‍മാര്‍ക്കും സായുധസേന ട്രൈബ്യൂണലിലെ ഒരംഗത്തിനും കാനഡ പ്രവേശനം നിഷേധിച്ചിരുന്നു. ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു എന്ന് ആരോപിച്ചായിരുന്നു നടപടി.

RELATED STORIES

Share it
Top