മുന്‍ റൂറല്‍ എസ്പിയെയും അറസ്റ്റ് ചെയ്യണം: ശ്രീജിത്തിന്റെ ഭാര്യ അഖില

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ റൂറല്‍ എസ്പിയെയും കേസില്‍ അറസ്റ്റ് ചെയ്യണം. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ആളെ തിരിച്ചുതരാന്‍ കഴിയില്ല. അത് അറിയാം. റൂറല്‍ എസ്പിയെ ഇതുവരെ വേണ്ട രീതിയില്‍ ചോദ്യംചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. എസ്പിക്ക് മുകളിലും ആളുകള്‍ ഉണ്ടെന്നു പറയുന്നു.
ശ്രീജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടോ അവരെയെല്ലാം അറസ്റ്റ് ചെയ്യണം. നിരപരാധിയായ ഒരാളെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊല്ലുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഉത്തരവാദികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും അഖില പറഞ്ഞു. റൂറല്‍ എസ്പിയുടെ കീഴിലുള്ള മൂന്ന് പോലിസുകാരാണ് ശ്രീജിത്തിനെ വീട്ടില്‍ വന്ന് പിടിച്ചുകൊണ്ടുപോയത്. അപ്പോള്‍ എസ്പിക്കും അതില്‍ മുഖ്യ പങ്കുണ്ട്. അതുകൊണ്ടുതന്നെ എസ്പിയെയും അറസ്റ്റ് ചെയ്യണമെന്നും അഖില പറഞ്ഞു.
അതേസമയം വരാപ്പുഴയില്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികള്‍തന്നെയാണെന്ന് വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വീട്ടില്‍ കയറി ആക്രമണം അഴിച്ചുവിടുകയും തന്റെ പിതാവിനെ ആക്രമിക്കുകയും ചെയ്ത സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നു. എന്നെയും അവര്‍ ആക്രമിച്ചിരുന്നു. വിഞ്ജു എന്ന ആളും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ അയാളെ ഇതുവരെ പോലിസ് പിടികൂടിയിട്ടില്ല. പോലിസ് നല്ലരീതിയില്‍ അന്വേഷിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും വിനീഷ് പറഞ്ഞു. വരാപ്പുഴ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമണവും തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് എസ് ആര്‍ ശ്രീജിത്ത്, സഹോദരന്‍ സജിത് അടക്കം 10 പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിക്കുകയും ചെയ്തു.
പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഘത്തിലുണ്ടായിരുന്നില്ലെന്ന് പിന്നീട് വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തല്ല മറിച്ച് തുളസീദാസ് എന്ന ശ്രീജിത്താണ് ഉണ്ടായിരുന്നതെന്നും ഇക്കാര്യം താന്‍ പോലിസിനോട് പറഞ്ഞിരുന്നുവെന്നും വിനീഷ് പറഞ്ഞു. തുളസീദാസ് എന്ന ശ്രീജിത്തിനെ കൂടാതെ വിപിന്‍, കെ ബി അജിത് എന്നിവരാണു കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയത്.

RELATED STORIES

Share it
Top