മുന്‍ മെത്രാന്‍മാരുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രൂപതകളിലും മത സ്ഥാപനങ്ങളിലും 15 വര്‍ഷത്തിനുള്ളില്‍ നടന്ന ഭൂമി വില്‍പനകളും സാമ്പത്തിക ഇടപാടുകളും പള്ളിപ്പിരിവുകളും മുന്‍ മെത്രാന്‍മാരുടെ മരണവും അന്വേഷിക്കണമെന്നു കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ്. മുന്‍ പിതാക്കന്‍മാരായ മാര്‍ എബ്രഹാം കാട്ടുമനയുടെയും മാര്‍ ആന്റണി പടിയറയുടെയും വര്‍ക്കി വിതയത്തില്‍ മെത്രാന്റെയും മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഈ ഗതിയുണ്ടാവുമെന്നും വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണു ചെയര്‍മാന്‍ റെജി ഞള്ളാനി, മുഖ്യമന്ത്രിക്കും റേഞ്ച് ഐജി അടക്കമുള്ള ഉന്നത പോലിസ് അധികാരികള്‍ക്കും പരാതി നല്‍കിയത്. എറണാകുളം ലിസി ആശുപത്രിയുടെയും സന്നദ്ധ സംഘടനയായ സേവ് എ ഫാമിലിയുടെയും സ്ഥലമിടപാടുകള്‍, പണമിടപാട്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കണം. ലിസി ആശുപത്രിക്കു വേണ്ടി വാങ്ങിയ ഭൂമി ഇടപാടില്‍ സഭയ്ക്ക് നഷ്ടമായത് എത്ര കോടിയാണെന്നു പോലും അറിയില്ല. ഇതിലൊന്നും അന്വേഷണം ആവശ്യപ്പെടാന്‍ സഭയില്‍ ആരുമില്ല. ഈ മൗനം മേജര്‍ ആര്‍ച്ച് ബിഷപ് ആലഞ്ചേരിക്കെതിരായ ആസൂത്രിത നീക്കമാണോയെന്ന സംശയം ബലപ്പെടുത്തുന്നതായി ചെയര്‍മാന്‍ റെജി ഞള്ളാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കല്‍ദായ ആരാധനാ ക്രമത്തിനു വേണ്ടിയും ലാറ്റിന്‍ പാരമ്പര്യത്തിനു വേണ്ടിയും വാദിക്കുന്ന രണ്ടു പ്രബല വിഭാഗങ്ങളാണ് ഇന്ന് സീറോ മലബാര്‍ സഭയിലുള്ളത്. യുദ്ധസമാനമായ സ്ഥിതിയാണ് സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ആര്‍ച്ച് ബിഷപിനെതിരേയുള്ള നീക്കമെന്നും റെജി ആരോപിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് ആലഞ്ചേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങള്‍ അദ്ദേഹം ആദ്യ പാത്രിയാക്കീസ് ആവുന്നതു തടയുകയെന്ന ലക്ഷ്യംവച്ചുള്ളതാണെന്നും റെജി ആരോപിച്ചു. ഇദ്ദേഹം ഈ പദവിയിലെത്തിയാല്‍ കല്‍ദായ ആരാധനാ ക്രമം സഭയില്‍ നടപ്പാവും. ഇത് തടയുന്നതിനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ചതിയില്‍ കുടുക്കുകയായിരുന്നോ എന്ന് അന്വേഷിക്കണമെന്നും റെജി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top