മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ നീതി തേടി വിവരാവകാശ കമ്മീഷനു മുന്നിലെത്തി

തിരുവനന്തപുരം: മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ നീതി തേടി വിവരാവകാശ കമ്മീഷനു മുന്നിലെത്തി. വിവരാവകാശ നിയമപ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കാതെ വന്നതോടെയാണ് മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന വി വി ഗിരി നിലവിലെ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിനെ സമീപിച്ചത്.
വി വി ഗിരിയുടെ പരാതിയി ല്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കമ്മീഷന്‍ 360 രൂപ പിഴയടയ്ക്കാനും മറുപടിക്കായി അ ടച്ച തുക ഈടാക്കാതെ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനും ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് 20 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
ധനകാര്യവകുപ്പിലെ വിവരങ്ങള്‍ അറിയാനാണു വി വി ഗിരി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. മറുപടി ലഭിക്കാന്‍ 30 രൂപ അടയ്ക്കണമെന്ന മറുപടിയെ തുടര്‍ന്ന് പണം അടച്ചെങ്കിലും രേഖകള്‍ ലഭിച്ചത് അനുവദനീയമായ സമയം കഴിഞ്ഞാണ്.
വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ രേഖകള്‍ക്കു തുക ഈടാക്കാന്‍ പാടില്ല. 30 രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വി വി ഗിരി ധനകാര്യവകുപ്പിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ അനുവദിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

RELATED STORIES

Share it
Top