മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ കൃഷ്ണന്‍ കായലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നു പോലിസ് മൊഴിയെടുത്തു. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് നടപടി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മൂന്നു പേരുടെ മൊഴികള്‍ എളങ്കുന്നപ്പുഴ പോലിസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
മുഴുവന്‍ അംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ കെ ശശിയെ ചോദ്യം ചെയ്‌തേക്കും. തന്നെ പാര്‍ട്ടിയില്‍ നിന്നു പുകച്ചുപുറത്താക്കുന്ന സമീപനമാണ് ലോക്കല്‍ കമ്മിറ്റിയുടേതെന്ന് കൃഷ്ണന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജീവനൊടുക്കാന്‍ ഇടയായ കാരണങ്ങള്‍ അന്വേഷിക്കണമെന്നു കൃഷ്ണന്റെ ബന്ധുക്കളും സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 10നു ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചു രൂക്ഷമായ തര്‍ക്കമുണ്ടായതായും ഇതിനിടെ കൃഷ്ണന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ത്തേടം സഹകരണ ബാങ്ക് ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യോഗം  ചര്‍ച്ച ചെയ്തത്. ഈ ബാങ്കിന്റെ ഭരണസമിതിയില്‍ അംഗമായിരുന്നു കൃഷ്ണന്‍. സിപിഐ പ്രസിഡന്റ് സ്ഥാനം കൈയാളുന്ന ബാങ്കില്‍ ഭരണം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളായിരുന്നു പ്രധാന വിഷയം. ഭരണസമിതിയില്‍ സിപിഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് കൃഷ്ണന്റേതെന്ന് ലോക്കല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു.
ഈ യോഗത്തിനു രണ്ടു ദിവസം കഴിഞ്ഞാണ് വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി ബോട്ട് യാത്രയ്ക്കിടെ കായലില്‍ ചാടിയത്. ഇതിനു തൊട്ടുമുമ്പ് സഹയാത്രികന് കൈമാറിയ ആത്മഹത്യാക്കുറിപ്പിലാണ് ലോക്കല്‍ കമ്മിറ്റിക്കെതിരേ രൂക്ഷവിമര്‍ശനമുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യയെക്കുറിച്ചു പാര്‍ട്ടിതലത്തിലും അന്വേഷണം നടത്താന്‍ നടപടികള്‍ ആരംഭിച്ചു.

RELATED STORIES

Share it
Top