മുന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് തിരുത്തി ആക്റ്റിങ് ചീഫ് ജസ്റ്റിസ്‌

കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ കാണാതായ സംഭവത്തെ തുടര്‍ന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തി ആക്റ്റിങ് ചീഫ് ജസ്റ്റിസ്. ഫയല്‍ കാണാതായ സംഭവത്തില്‍ ഇടപെടല്‍ നടത്തിയ ജസ്റ്റിസ് വി ചിദംബരേഷിന്റെ ബെഞ്ചിലേക്ക് നാല് അഭിഭാഷകരുടെ ഫയലുകള്‍ അയക്കരുതെന്ന് വ്യക്തമാക്കി വിരമിക്കുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം ജസ്റ്റിസ് ആ ന്റണി ഡൊമിനിക് രജിസ്ട്രിക്ക് നല്‍കിയ നിര്‍ദേശമാണ് പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് സമിതി തിരിച്ചുവിളിച്ചത്.
അതേസമയം, ജഡ്ജിയുടെ ഇടപെടലിന് ഇടയാക്കിയ കേസ് ആ ബെഞ്ചില്‍ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയ നടപടിയില്‍ സമിതി ഇടപെട്ടില്ല. ഫയല്‍ കാണാതാവലുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചിദംബരേഷ് ചില അഭിഭാഷകരുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ഇടപെടല്‍ നടത്തിയത്.
പാലക്കാട്ടെ 70 ഏക്കര്‍ വരുന്ന പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തര്‍ക്കം സംബന്ധിച്ചുള്ള പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവിനെതിരേ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി കണ്ടമുത്തന്‍ നല്‍കിയ അപ്പീലിന്റെ ഫയലുകള്‍ കാണാതായതായി 2016 നവംബറിലാണ് ശ്രദ്ധയില്‍പ്പെട്ടത്. ഫെബ്രുവരിയില്‍ നല്‍കിയ അപ്പീ ല്‍ വേഗം പരിഗണിക്കാനായി അപേക്ഷ നല്‍കിയിട്ടും ബെഞ്ചില്‍ വരാത്തതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഫയലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്ഷനില്‍ ജീവനക്കാര്‍ക്കു പുറമേ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും മാത്രമാണ് പ്രവേശനമെന്നും ഇവരില്‍ ചിലര്‍ അറിയാതെ ഫയല്‍ നഷ്ടപ്പെടില്ലെന്നും വ്യക്തമാക്കി രജിസ്ട്രാര്‍ക്ക് റിപോര്‍ട്ട് നല്‍കി. ഇതിനിടെയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഫയല്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ പോ ലിസ് കേസ് വേണ്ടെന്ന് പിന്നീട് ജഡ്ജിമാരുള്‍പ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സമിതി തീരുമാനമെടുത്തു. എന്നാ ല്‍, ഫയല്‍ സൂക്ഷിച്ചിരുന്ന സെക്ഷനിലെ ഓഫിസര്‍ക്കും കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ ഗുമസ്തനും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെയാണ് കേസില്‍ ഇടപെട്ട ബെഞ്ച് പരാമര്‍ശിച്ച അഭിഭാഷകനുള്‍പ്പെടെയുള്ളവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തി ല്‍ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റിനല്‍കിയത്. ഈ ബെഞ്ച് മുമ്പാകെ തങ്ങളുടെ ഫയലുകള്‍ എത്തുന്നത് തടയണമെന്ന ആവശ്യമാണ് വിരമിക്കുന്നതിന് തൊട്ടു മുമ്പ് മുന്‍ ചീഫ് ജസ്റ്റിസ് അംഗീകരിച്ചത്.
എന്നാല്‍, ഈ നടപടി അഭിഭാഷകര്‍ക്ക് തങ്ങള്‍ ഫയല്‍ ചെയ്യുന്ന കേസുകള്‍ കേള്‍ക്കുന്നതിന് ഇഷ്ടമുള്ള ബെഞ്ചുകള്‍ തിരഞ്ഞെടുക്കാനും ആ ബെഞ്ചുകളിലേക്ക് ഫയല്‍ എത്തിക്കാനുമുള്ള കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് സമിതി വിലയിരുത്തുകയായിരുന്നു. ഇത് ബെഞ്ച് ഹണ്ടിങ്, ഫോറം ഷോപ്പിങ് നടപടികള്‍ക്ക് (ഇഷ്ടമുള്ളിടത്തേക്ക് പോവാനുള്ള അവകാശമുണ്ടാക്കല്‍) ഇടയാക്കുമെന്നാണ് സമിതി പരാമര്‍ശിച്ചത്. തുടര്‍ന്നാണ് ഈ നിര്‍ദേശം തിരുത്തി ഉത്തരവിട്ടത്.

RELATED STORIES

Share it
Top