മുന്‍ കൈവശഭൂമിയില്‍ കുടുംബങ്ങള്‍ അവകാശം പുനസ്ഥാപിച്ചു

മാനന്തവാടി: സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ അനുവദിച്ച തുക ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കുടുംബങ്ങള്‍ മുന്‍ കൈവശഭൂമിയില്‍ അവകാശം പുനസ്ഥാപിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട നരിമുണ്ടക്കൊല്ലിയിലാണ് ചെട്ടി, അടിയ, കുറിച്യ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങള്‍ തിരിച്ചെത്തിയത്. സ്ഥലത്തെ കാട് വെട്ടിത്തെളിച്ച കുടുംബങ്ങള്‍ പഴയ വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുള്ള ശ്രമത്തിലാണ്. സ്വയംസന്നദ്ധ പുനരിവാസ പദ്ധതിയില്‍ അനുവദിച്ച തുക ലഭ്യമാക്കാതെ ഒഴിഞ്ഞുപോവില്ലെന്ന നിലപാടിലാണ് മുഴുവന്‍ കുടുംബങ്ങളും. പദ്ധതി വ്യവസ്ഥ പ്രകാരം കുടുംബങ്ങള്‍ വനംവകുപ്പിനു രേഖാമൂലം കൈമാറിയതാണ് നരിമുണ്ടക്കൊല്ലിയിലെ ഭൂമി. കഴിഞ്ഞ ദിവസമാണ് കുടുംബങ്ങള്‍ പഴയ താമസസ്ഥലത്ത് തിരികെയെത്തിയത്. വന്യജീവിശല്യം അതിരൂക്ഷമായ പ്രദേശമാണ് നരിമുണ്ടക്കൊല്ലി. കര്‍ഷക കുടുംബങ്ങളുടെ ജീവനും സ്വത്തും അപകടത്തിലായ പശ്ചാത്തലത്തിലാണ് ഇവിടം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വന്യജീവി സങ്കേതത്തില്‍ താമസിക്കുന്ന കുടുംബങ്ങളെ പുറത്തേക്കു മാറ്റുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് കേന്ദ്രസഹായത്തോടെ ആവിഷ്‌കരിച്ചതാണ് പദ്ധതി. 2017 ഒക്ടോബര്‍ 21നു ചേര്‍ന്ന പദ്ധതി ജില്ലാതല നടത്തിപ്പ് സമിതി യോഗം നരിമുണ്ടക്കൊല്ലിയിലെ കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി ആറുലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അവശേഷിച്ച കുടുംബങ്ങളും പണം ഉടന്‍ കിട്ടുമെന്നും വനത്തിനു പുറത്ത് ഭൂമി വാങ്ങാമെന്നുമുള്ള പ്രതീക്ഷയില്‍ ആവശ്യമായ പ്രമാണങ്ങള്‍ ഒപ്പിട്ടുനല്‍കി നരിമുണ്ടക്കൊല്ലി വിട്ടു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും യോഗതീരുമാന പ്രകാരമുള്ള തുക കുടുംബങ്ങള്‍ക്ക് ലഭിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നടത്തിപ്പു സമിതിയില്‍പ്പെട്ടവര്‍ കൈമലര്‍ത്തി. ഈ സാഹചര്യത്തിലാണ് വനം-വന്യജീവി വകുപ്പിനു കൈമാറിയ ഭൂമിയില്‍ വീണ്ടും കൃഷിയും താമസവും തുടങ്ങാന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top