മുന്‍ എംപിമാരുടെ ആജീവനാന്ത പെന്‍ഷനും ആനുകൂല്യങ്ങളും നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആജീവാനന്ത പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രിംകോടതി തള്ളി.
മുന്‍ എംപിമാരുടെ ആനുകൂല്യങ്ങളും പെന്‍ഷനും അവരുടെ കുടുംബങ്ങള്‍ക്ക് ന ല്‍കുന്ന മറ്റ് ആനുകൂല്യങ്ങളും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന് ( തുല്യതയ്ക്കുള്ള അവകാശം)  വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് കേസ് സുപ്രിംകോടതി മുമ്പാകെ എത്തിയത്.
ഒരു നിയമ നിര്‍മാണവും നടത്താതെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. 82 ശതമാനം എംപിമാരും കോടിപതികളാണ്. അവരുടെയും കുടുംബത്തിന്റെയും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും വഹിക്കാന്‍ പാവപ്പെട്ട നികുതി ദാതാക്കള്‍ക്ക് സാധിക്കില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ചോദ്യങ്ങള്‍ നിയമനിര്‍മാണം നടത്താനും തിരഞ്ഞെടുക്കാനുമുള്ള പാര്‍ലമെന്റിന്റെ അധികാരത്തില്‍ പെട്ടതാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ ബെഞ്ച് ഹരജി തള്ളിയത്.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, സഞ്ജയ് കിശന്‍ കൗണ്‍ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്  22ന് കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ലോക്‌സഭ, രാജ്യസഭാ സെക്രട്ടറി ജനറല്‍മാര്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് മാര്‍ച്ച് ഏഴിന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

RELATED STORIES

Share it
Top