മുന്‍വര്‍ഷത്തെ പദ്ധതികള്‍ അധികവും ഫയലില്‍ ഉറങ്ങുന്നു

തൊടുപുഴ: തൊടുപുഴ നഗരസഭയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. അതേസമയം, മുന്‍വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളും ഫയലില്‍ തന്നെ ഉറങ്ങുകയാണെന്ന സൂചനയാണ് കരട് രേഖകള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പദ്ധതിരേഖ വന്‍ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കാരണമായിരുന്നു. ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് യോഗത്തില്‍ മുന്‍വര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുമെന്നും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവരുമെന്നും വിവരമുണ്ട്.
അടുത്ത വര്‍ഷത്തെ കരട് പദ്ധതിരേഖയുടെ രണ്ടാം അധ്യായത്തില്‍, നടപ്പുവാര്‍ഷിക പദ്ധതി അവലോകനത്തില്‍ പറഞ്ഞിട്ടുള്ള പല പദ്ധതികളും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗാന്ധിസ്‌ക്വയര്‍, മുനിസിപ്പല്‍ മൈതാനം തുടങ്ങി ചിലയിടങ്ങളില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന കാലഘട്ടത്തില്‍ ഭരണസമിതിക്കു ചെയ്യാനായതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പൊതുവിഭാഗത്തില്‍, പശ്ചാത്തല മേഖലയില്‍ 95 പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടത്. എന്നാല്‍, വെറും നാലെണ്ണം മാത്രമാണ് നടപ്പാക്കിയത്. പട്ടികജാതി വിഭാഗത്തിന് കഴിഞ്ഞ പദ്ധതിയില്‍ 1,60,70,970 രൂപയാണ് വകയിരുത്തിയത്. എന്നാല്‍, നാലിലൊന്നു ശതമാനമേ ചെലവഴിച്ചുളളൂ. ആകെ ചെലവാക്കിയത് 24,66,435 രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പദ്ധതികള്‍ മുറയ്ക്ക് ആവിഷ്‌കരിക്കുമ്പോഴും നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ലാത്തതാണ് നഗരത്തിന്റെ വികസനത്തെ സ്തംഭിപ്പിക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. 16 വര്‍ഷം മുന്‍പ് മുതല്‍ ബജറ്റില്‍ തുക വകയിരുത്തുന്ന മങ്ങാട്ടുകവലയിലെ നിര്‍ദ്ദിഷ്ട  ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കാന്‍ പോലും കഴിയാത്തത് ഇതിന്റെ തെളിവായി നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടുന്നു. നഗരസഭാ ഓഫിസിനും ടൗണ്‍ഹാളിനും മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജം ഉല്‍പാദിപ്പിക്കാനും അതിലൂടെ നഗരസഭയുടെ വൈദ്യുത ചെലവ് ലാഭിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയും പാതിവഴിയിലണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ചിട്ടില്ല. സേവനമേഖലയില്‍ 61 പദ്ധതികള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, പത്തെണ്ണമാണ് പൂര്‍ത്തിയാക്കിയത്.
ഉല്‍പാദനമേഖലയില്‍ ആറെണ്ണവും. 11 പദ്ധതികള്‍ ലക്ഷ്യമിട്ടിടത്താണിത്. പൊതുവിഭാഗത്തില്‍ വിവിധ മേഖലകളിലായി ആകെ 36 ശതമാനം തുക ചെലവിട്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചെലവിട്ടതിന് ആനുപാതികമായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഉല്‍പാദനമേഖലയില്‍ പദ്ധതികളൊന്നും ലക്ഷ്യമിട്ടിരുന്നില്ല. സേവനമേഖലയില്‍ 12 പദ്ധതികള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും മൂന്നെണ്ണമാണ് നടപ്പായത്. പശ്ചാത്തലമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച അഞ്ചു പദ്ധതികളും നടപ്പായില്ല. നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റോടു കൂടിയ കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മാണത്തിന് കഴിഞ്ഞ പദ്ധതിയില്‍ 40 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചിരുന്നു.
എന്നാല്‍, ഈ തുക വകമാറ്റാനാണ് കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. നിലവിലുള്ള കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്ന് പൊട്ടിയൊലിച്ച് എത്തുന്ന മാലിന്യം സമീപത്തെ ഓടകളിലൂടെ ഒഴുകി ദുര്‍ഗന്ധം പരത്തുന്നെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ അലംഭാവം തുടരുന്നത്. ഇലഞ്ഞിക്കുഴി, കോലാനി തോട് നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക വകമാറ്റിയതായും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top