മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിംലീഗ് സംസ്ഥാന ഖജാഞ്ചിയും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു. ചെര്‍ക്കളയിലെ വസതിയില്‍ ഇന്നലെ രാവിലെ 8.20ഓടെയാണ് അന്ത്യം.
1987, 1991, 1996, 2001 കാലയളവില്‍ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 19 വര്‍ഷം എംഎല്‍എയായിരുന്നു. 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായി. 2004ല്‍ മന്ത്രിസ്ഥാനത്തു നിന്ന് പാര്‍ട്ടി നേതൃത്വം മാറ്റുകയായിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവിനോട് 4,829 വോട്ടിന് പരാജയപ്പെട്ടു. അരനൂറ്റാണ്ടിലേറെക്കാലമായി മുസ്‌ലിംലീഗിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1956ല്‍ രൂപീകരിച്ച അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറിയായി.
1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ നിലവില്‍വന്ന ജില്ലാ മുസ്‌ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയായി. 2002 മുതല്‍ 2017 വരെ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്നു. 2018ല്‍ സംസ്ഥാന ഖജാഞ്ചിയായി.
പിതാവ്: പരേതനായ ബാരിക്കാട് മുഹമ്മദ് ഹാജി. മാതാവ്: പരേതയായ മൊഗ്രാല്‍ ആസ്യമ്മ. ഭാര്യ. ആയിഷ (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍: മെഹറുന്നിസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, വനിതാ ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി), സി എ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്പനി, സലാല, ഒമാന്‍), സി എ അഹമ്മദ് കബീര്‍ (എംഎസ്എഫ് കാസര്‍കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി). മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെര്‍ക്കള മുഹ്‌യുദ്ദീന്‍ പള്ളി അങ്കണത്തില്‍ വൈകീട്ട് ഖബറടക്കി.

RELATED STORIES

Share it
Top